ഇസ്രാഈലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയതില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ അടുത്ത അനുയായിക്കും പങ്കുള്ളതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എയ്‌ലി ഫെല്‍ഡ്‌സ്‌റ്റൈന്‍ എന്നയാള്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട അതീവമായ രഹസ്യങ്ങള്‍ യൂറോപ്യന്‍ മാധ്യമങ്ങള്‍ക്ക് എയ്‌ലി ഫെല്‍ഡ്‌സ്‌റ്റെയ്ന്‍ ചോര്‍ത്തി നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. റിഷോണ്‍ ലെസിയോണ്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയിലാണ് ചോര്‍ത്തി നല്‍കിയെന്ന വിവരങ്ങള്‍ പരാമര്‍ശിച്ചത്.
വിവരങ്ങള്‍ ചോര്‍ത്തിയതില്‍ മറ്റ് 3 പ്രതികള്‍ക്കും പങ്കുണ്ടെന്നും അവര്‍ക്ക് പ്രതിരോധ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്നും കോടതി സ്ഥിരീകരിച്ചിരുന്നു.
ഇസ്രാഈലിനെ കുറിച്ചുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ ഐ.ഡി.എഫില്‍ നിന്ന് ചോര്‍ത്തുകയും ദേശീയ സുരക്ഷയ്ക്ക് വീഴ്ച ഉണ്ടാക്കിയെന്നുമാണ് കോടതി നീരീക്ഷിച്ചത്. ഷിന്‍ ബെല്‍റ്റിലും ഐ.ഡി.എഫിലും സംശയങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചതെന്നും വിവരങ്ങള്‍ ചോര്‍ത്തിയവരുടെ ഉറവിടങ്ങള്‍ വ്യക്തമായെന്നും കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.
അതേസമയം തന്റെ ഓഫീസില്‍ നിന്ന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. വിവരങ്ങള്‍ തന്റെ ഓഫീസിലെ ആരും ചോര്‍ത്തിയിട്ടില്ലെന്നും ആരും അന്വേഷണത്തിന്റെ നിഴലിലല്ലെന്നുമായിരുന്നു നെതന്യാഹു പ്രതികരിച്ചത്.
എന്നാല്‍ നെതന്യാഹുവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും നെതന്യാഹുവുമൊത്തുള്ള ഇയാളുടെ പല ചിത്രങ്ങളുമുള്ളതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരനായി പ്രവര്‍ത്തിച്ചിരുന്നതായും ഓഫീസ് ജനറലായും ജോലി ചെയ്തിരുന്നു. പിന്നാലെ അയോഗ്യനാക്കപ്പെട്ടിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.