യുവതയുടെ ജോലി സ്വപ്‌നം തല്ലിക്കെടുത്തി കേരളത്തില്‍ സെക്രട്ടറി, സി.ഇ.ഒ, എം.ഡി എന്നിവര്‍ വിരമിക്കാനുള്ള പ്രായ പരിധി 70 വയസ്സായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ്. പൊതുമേഖലാ സ്ഥാപങ്ങള്‍ക്ക് 65 വയസ്സും മറ്റു സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് 70 വയസ്സ് വരെ ഉയര്‍ത്തുവാനുമാണ് പിണറായി മന്ത്രി സഭ തീരുമാനം.
സ്വയം ഭരണ പട്ടികയില്‍ സഹകരണ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, സ്റ്റാട്യൂട്ടറി സ്ഥാപനങ്ങള്‍ എന്നിവയിലെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, സെക്രട്ടറി, മാനേജിംഗ് ഡയറക്ടര്‍ എന്നീ തസ്തികയിലുള്ളവരുടെ റിട്ടയര്‍മെന്റ് പ്രായ പരിധിയാണ് ഉയര്‍ത്തിയത്.
നിലവില്‍ 56 വയസ്സില്‍ റിട്ടയര്‍ ചെയ്യേണ്ടവര്‍ ഇനി പൊതുമേഖലാ സ്ഥാപനങ്ങള്‍ ആണെങ്കില്‍ 65 വയസ്സിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷന്‍, സ്റ്റാട്യൂട്ടറി സ്ഥാപനമാണെങ്കില്‍ 70 വയസിലും വിരമിച്ചാല്‍ മതി. യുവജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് 2022 ഫെബ്രുവരി 14നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുകയും തുടര്‍ന്ന് മാര്‍ച്ച് 16നു മന്ത്രിസഭ തീരുമാനമെടുക്കുകയായിരുന്നു.
വിഷയം വിവാദമാവാതിരിക്കാന്‍ കേരള നിയമസഭയുടെ കഴിഞ്ഞ സെഷന്‍ അവസാനിച്ച മാര്‍ച്ച് 18നാണ് ഉത്തരവ് പുറത്തിറങ്ങിയത്. ഇതോടെ ഉയര്‍ന്ന തസ്തികയില്‍ പുതിയ നിയമനാവസരം പാടെ നഷ്ടമാവും. റിട്ടയര്‍മെന്റ് പ്രായം ഒമ്പതു മുതല്‍ 14 വര്‍ഷം വരെ ഉയര്‍ത്തിയതിനാല്‍ പ്രമോഷന്‍ സാധ്യതയും വളരെ കുറയും. മേല്‍പ്പറഞ്ഞ തസ്തികയിലേക്ക് പ്രമോഷന്‍ ലഭിക്കാത്തവര്‍ 56 വയസ്സിലോ 58 വയസ്സിലോ റിട്ടയര്‍ ചെയ്യേണ്ടി വരുന്ന വിചിത്ര തീരുമാനമാണ് ഇതോടെ നടപ്പാവുന്നത്.
സര്‍വീസ് സംഘടനകള്‍ എല്ലാ വിഭാഗം ജീവനകാര്‍ക്കും ഇതേ വിരമിക്കല്‍ പ്രായ പരിധി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നല്‍ക്കാനും കോടതിയില്‍ മേല്‍ ആവശ്യം ഉന്നയിച്ച് റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്.