X

സച്ചാര്‍ ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കുക; സച്ചാര്‍ സംരക്ഷണ സമിതി സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തി

തിരുവനന്തപുരം: സച്ചാര്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സച്ചാര്‍ സംരക്ഷണ സമിതി സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തി. വിവിധ മുസ്‌ലിം സംഘടനകള്‍ ധര്‍ണയില്‍ പങ്കു ചേര്‍ന്നു. സച്ചാര്‍ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനവും നല്‍കി.

പികെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

സച്ചാര്‍ ശുപാര്‍ശകള്‍ പ്രത്യേക സെല്‍ രൂപീകരിച്ച് നടപ്പാക്കുക, മുന്നാക്ക-പിന്നാക്ക സ്‌കോളര്‍ഷിപ്പ് തുക ഏകീകരിക്കുക, സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യം, സമുദായം തിരിച്ച് കണക്ക് പ്രസിദ്ധീകരിക്കുക, പിന്നാക്കം പോയവര്‍ക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്.

ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമ്പത്തിക, സാമൂഹിക, വിദ്യഭ്യാസ സ്ഥിതി പഠിക്കുന്നതിനായി 2005ല്‍ യുപിഎ സര്‍ക്കാര്‍ നിയോഗിച്ച ആധികാരിക സമിതിയാണ് സച്ചാര്‍ കമ്മീഷന്‍. സച്ചാര്‍ കമ്മീഷന്റെ കണ്ടത്തലുകള്‍ പലതും ഞെട്ടിക്കുന്നതും വേദനയുള്ളവാക്കുന്നതുമായിരുന്നു. 2006ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനായി യുപിഎ സര്‍ക്കാറിന്റെ പതിനഞ്ചിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി അന്നത്തെ കേന്ദ്ര സര്‍ക്കാര്‍. മറ്റു സംസ്ഥാനങ്ങള്‍ ഏറിയും കുറഞ്ഞും സച്ചാര്‍ റിപ്പോര്‍ട്ട് അത്‌പോലെ നടപ്പാക്കിയപ്പോള്‍ അന്നത്തെ ഇടതു സര്‍ക്കാര്‍ മറ്റൊരു കമ്മീഷനെ നിയമിച്ചാണ് ഇത് നടപ്പാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇപ്പോള്‍ സച്ചാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ അട്ടിമറിച്ചിരിക്കുകയാണ്. ഇത് മുസ്‌ലിം സമൂഹത്തോടുള്ള കൃത്യമായ നീതികേടാണ്. ഇത് അനുവദിക്കാന്‍ സാധ്യമല്ല. സച്ചാര്‍ ശുപാര്‍ശകള്‍ പ്രത്യേക സെല്‍ രൂപീകരിച്ച് നടപ്പിലാക്കുക, മുന്നാക്ക പിന്നാക്ക സ്‌കോളര്‍ഷിപ്പ് തുക ഏകീകരിക്കുക, സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യം; സമുദായം തിരിച്ച് കണക്ക് പ്രസിദ്ധീക്കുക, പിന്നാക്കം പോയവര്‍ക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലിം സംഘടനാ നേതാക്കള്‍ക്കൊപ്പം ഇന്ന് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കി.

web desk 1: