X

ജലീലിന്റെ രാജിക്കായി ആവശ്യപ്പെട്ട് പ്രതിഷേധം; സെക്രട്ടേറിയറ്റിന് മുമ്പില്‍ സംഘര്‍ഷം

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത്‌കോണ്‍ഗ്രസ്, ബിജെപി നടത്തുന്ന പ്രതിഷേധം അക്രമാസക്തം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. ബാരിക്കേട് തള്ളിമാറ്റാന്‍ ശ്രമിച്ച യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുമ്പിലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ട് യുവമോര്‍ച്ചയും പ്രതിഷേധിക്കുകയാണ്. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിനു മുമ്പില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു. മന്ത്രി രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് ബിജെപിയും കോണ്‍ഗ്രസും.

മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രിയുടെ രാജിക്കായി പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. നയതന്ത്ര ബാഗില്‍ മതഗ്രന്ധങ്ങള്‍ കൊണ്ടുവന്നത് മറയാക്കി പ്രതികള്‍ സ്വര്‍ണക്കളളക്കടത്ത് നടത്തിയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നത്. സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുമായുളള പരിചയം സംബന്ധിച്ച മന്ത്രിയുടെ വിശദീകരണം വ്യക്തമായി പരിശോധിക്കും. ഇതിന് പിന്നാലെ മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.

web desk 1: