X

സെക്രട്ടേറിയറ്റിലെ തീപിടുത്തം; സ്വര്‍ണക്കടത്ത് രേഖകള്‍ സൂക്ഷിച്ച ഓഫീസിലെ ഫയലുകളും കമ്പ്യൂട്ടറും കത്തിനശിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തത്തില്‍ ഫയലുകള്‍ കത്തിനശിച്ചു. പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്‍ഡ്വിച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത് . തീപിടുത്തത്തില്‍ ഏതാനും ഫയലുകളും ഒരു കംപ്യൂട്ടറും കത്തി നശിച്ചതായാണ് വിവരം . ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ സൂക്ഷിച്ചിരുന്ന പ്രോട്ടോകോള്‍ ഓഫീസിലാണ് തീപിടിച്ച് രേഖകള്‍ കത്തിനശിച്ചത്.

വൈകീട്ട് അഞ്ചുമണിയോടെ ആണ് തീപ്പിടുത്തം ഉണ്ടായത് ചീഫ് പ്രോട്ടോകോള്‍ ഓഫീസറുടെ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഓഫീസില്‍ രണ്ട് ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഓഫീസിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു.

സംഭവത്തില്‍ പ്രതിപക്ഷം ദുരൂഹത ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് സെക്രട്ടേറിയറ്റില്‍ ഉണ്ടായ തീപിടിത്തമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട സ്ഥലം ചീഫ് പ്രോട്ടോകോള്‍ ഓഫീസറുടെ ഓഫീസാണ്. അവിടെ തീപിടുത്തം ഉണ്ടായെന്നാല്‍ അതിനര്‍ഥം തെളിവുകള്‍ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം സെക്രട്ടേറിയറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

web desk 1: