തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി യു.ഡി.എഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ നാടകീയത. സമരത്തിന്റെ അവസാനത്തില്‍ യു.ഡി.എഫ് നേതാക്കളെ അറസ്റ്റു ചെയ്തു നീക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ്മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മുസ്ലിംലീഗ് നേതാവ് കെ.പി.എ മജീദ്,യു.ഡി.എഫ് കക്ഷി നേതാക്കളായ ജോസ്.കെ മാണി, അനൂപ് ജേക്കബ് തുടങ്ങിയ നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. ഉപരോധത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാവിലെ ആറിന് തുടങ്ങിയ ഉപരോധം ഉച്ചക്ക് ഒരു മണി വരെ ഉപരോധം നീണ്ടു നിന്നു. യൂണിവേഴ്‌സിറ്റി കോളജ് ഉള്‍പ്പെടെയുള്ള വിഷയങ്ങളെ മുന്‍ നിര്‍ത്തിയായിരുന്നു ഉപരോധം.
കോളജിലെ അക്രമ സംഭവങ്ങളില്‍ സി.ബി.ഐ അന്വേഷണം നടത്തുക, മത്സര പരീക്ഷകളുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിനായി ഇതു സംബന്ധിച്ച നടപടിക്രമങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കുക, കാരുണ്യ ഇന്‍ഷൂറന്‍സ് പദ്ധതി പുന:സ്ഥാപിക്കുക, വിലക്കയറ്റം തടയുക, വര്‍ധിച്ച വൈദ്യുതി ചാര്‍ജ് കുറക്കുക, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി പുന: പരിശോധിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ യു.ഡി. എഫ് ഉന്നയിച്ചിരുന്നു.