കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ പദ്ധതിയില്‍നിന്ന് പ്രധാനപങ്കാളിയായ ടീ കോം (ദുബായ് ഹോള്‍ഡിങ്‌സ്) ഒഴിവാകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പദ്ധതി മുന്നോട്ടു പോകാതിരുന്നപ്പോള്‍ അതേക്കുറിച്ച് മുഖ്യമന്ത്രിയോ വ്യവസായ മന്ത്രിയോ അന്വേഷിച്ചോ എന്ന് സതീശന്‍ പറഞ്ഞു.
2016-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്ത് പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തതാണ്. ആറരലക്ഷം സ്‌ക്വയര്‍ ഫീറ്റ് ഐ.ടി. ടവറാണ് അന്ന് ഉദ്ഘാടനം ചെയ്തത്. പിന്നീട് ഇക്കഴിഞ്ഞ എട്ടുവര്‍ഷമായി അവിടെ എന്താണ് സംഭവിച്ചത്?.
കോ-ഓര്‍ഡിനേഷനോ മോണിറ്ററിങ്ങോ ഉണ്ടായിരുന്നോ?. പദ്ധതിയുടെ ഓരോ ഘട്ടത്തിലും ഓരോ മൈല്‍സ്‌റ്റോണുകള്‍ ഉണ്ടായിരുന്നു. ആ മൈല്‍ സ്റ്റോണുകള്‍ പിന്നിടാതിരിക്കുമ്പോള്‍ എന്തുകൊണ്ടാണെന്ന് ഉത്തരവാദപ്പെട്ടവര്‍ ആരാണ്-മുഖ്യമന്ത്രിയോ വ്യവസായ മന്ത്രിയോ അന്വേഷിച്ചോ. ആരും അന്വേഷിച്ചില്ല, സതീശന്‍ പറഞ്ഞു.
എട്ടുകൊല്ലത്തിനു ശേഷം ടീ കോമിന് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം എന്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ എടുക്കുന്നതെന്നും വി.ഡി. സതീശന്‍ ചോദിച്ചു. ഇതില്‍ ദുരൂഹതകളുണ്ട്. കാരണം കോടിക്കണക്കിന് രൂപയുടെ ഭൂമിയുണ്ട്.
248 ഏക്കര്‍ ഭൂമിയാണ്. ആ ഭൂമി സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും കൊടുക്കാനുള്ള ഗൂഢനീക്കമാണ് ഇതിന്റെ പിറകില്‍. ഭൂമിക്കച്ചവടമാണ്. പദ്ധതി എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് കേരളത്തിലെ ജനങ്ങളോടു പറയേണ്ടതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനില്ലേയെന്നും സതീശന്‍ ചോദിച്ചു.