X

രാജ്യത്തെ മദ്രസ സംവിധാനം ഇല്ലാതാക്കാനുള്ള നിഗൂഢ ശ്രമം: ഇ.ടി മുഹമ്മദ് ബഷീര്‍

രാജ്യത്തെ മദ്രസ സംവിധാനം ഇല്ലാതാക്കാനുള്ള നിഗൂഢ ശ്രമമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെവിടെയും മദ്രസകളോ മദ്രസ വിദ്യാഭ്യാസ ബോര്‍ഡോ സ്‌കൂള്‍ വിദ്യാഭ്യാസത്തെ ഒരു തരത്തിലും എതിര്‍ക്കുന്നില്ല. സ്‌കൂള്‍ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ ബാലാവകാശ കമ്മീഷന്‍ ഈ തീരുമാനത്തില്‍ നിന്നും ഉടന്‍ പിന്തിരിയണമെന്നും ഇ.ടി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വളരെ വിചിത്രമായ കാരണങ്ങള്‍ കണ്ടെത്തി രാജ്യത്തെ മദ്രസ സംവിധാനം ഇല്ലാതാക്കാനുള്ള ഗൂഢ ശ്രമമാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ ഭാഗത്ത് നിന്നുവന്ന കത്ത്.
രാജ്യത്തെവിടെയും മദ്രസകളോ മദ്രസ വിദ്യാഭ്യാസ ബോര്‍ഡോ സ്‌കൂള്‍ വിദ്യാഭ്യാസത്തെ ഒരു തരത്തിലും എതിര്‍ക്കുന്നില്ല. സ്‌കൂള്‍ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികള്‍ സ്‌കൂളുകളില്‍ എത്താത്തതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ മനസ്സിലാക്കി പ്രതിവിധി നടപ്പിലാക്കുകയാണ് വേണ്ടത്. പൂര്‍ണതോതില്‍ ന്യൂപക്ഷ ക്ഷേമ ഫണ്ടുകള്‍ അതാത് മേഖലയില്‍ തന്നെ കൃത്യമായി ചിലവഴിക്കുന്നുണ്ടോ എന്നാണ് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തേണ്ടത്.
ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനം കൂടിയാണ് ബാലാവകാശ കമ്മീഷന്റെ ഈ ഇടപെടല്‍ . അതോടപ്പം തന്നെ ഇതിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി നേട്ടം കൊയ്യാനും ശ്രമം നടക്കുന്നു.
ദേശീയ ബാലാവകാശ കമ്മീഷന്‍ ഈ തീരുമാനത്തില്‍ നിന്നും ഉടന്‍ പിന്തിരിയണം.

webdesk13: