സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോറിലേക്ക്. സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് ഓസീസിന്റെ മുന്നേറ്റം. 200 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച സ്മിത്ത് ക്രീസിലുണ്ട്. സ്മിത്തിന്റെ 27ാം ടെസ്റ്റ് സെഞ്ചുറിയാണിത്.
രണ്ടാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയക്കായി മാര്‍നസ് ലബുഷെയ്‌നും സ്റ്റീവ് സ്മിത്തും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ ഇപ്പോള്‍.
മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ലബുഷെയ്ന്‍ സ്മിത്ത് സഖ്യം ഓസീസ് സ്‌കോര്‍ 200 കടത്തി. 196 പന്തില്‍ നിന്ന് 11 ബൗണ്ടറികളടക്കം 91 റണ്‍സെടുത്ത ലബുഷെയ്‌നെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
വൈകാതെ മാത്യു വെയ്ഡിനെയും (13) ജഡേജ പുറത്താക്കി. കാമറൂണ്‍ ഗ്രീനിനെ റണ്ണെടുക്കും മുമ്പ് പുറത്താക്കി ബുംറ ഓസീസിനെ പ്രതിരോധത്തിലാക്കി. പിന്നാലെ ക്യാപ്റ്റന്‍ ടിം പെയ്‌നിനെയും (1) ബുംറ മടക്കി.
നേരത്തെ ഒന്നാം ദിനം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസിസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡ് ആറില്‍ നില്‍ക്കെ അഞ്ച് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ മടക്കി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കം നല്‍കി.
പിന്നീട് ഒത്തുചേര്‍ന്ന പുകോവ്‌സ്‌കി ലബുഷെയ്ന്‍ സഖ്യം തകര്‍ച്ചയില്‍ നിന്നും ഓസീസിനെ രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു.