X
    Categories: indiaNews

മണിപ്പൂരില്‍ ബിരേന്‍ സിങിന് രണ്ടാമൂഴം

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രിയായി ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് എന്‍ ബിരേന്‍ സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ലാഗണേശന്‍ സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. സിങിനൊപ്പം അഞ്ച് ക്യാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബി.ജെ.പിയില്‍ നിന്ന് തോംഗം ബിശ്വജിത് സിങ്, യുംനം ഖേംചന്ദ് സിങ്, ഗോവിന്ദാസ് കോന്തൗജം, നെംച കിപ്ഗന്‍, നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ (എന്‍. പി.എഫ്) അവ്ങ്‌ബോ ന്യൂമൈ എന്നിവരാണ് മന്ത്രിമാര്‍.

ആറ് അംഗങ്ങളുള്ള ജെ. ഡി.(യു)വും രണ്ട് അംഗങ്ങളുള്ള കുക്കി പീപ്പിള്‍സ് അലയന്‍സും ഒരു സ്വതന്ത്രനും ബി.ജെ. പിക്ക് പിന്തുണ അറിയിച്ചു. ഇതോടെ 60 അംഗ നിയമസഭയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ അംഗബലം 41 ആയി ഉയര്‍ന്നു. ബി.ജെ.പിക്ക് 32 എം.എല്‍.എമാരാണുള്ളത്.

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഞായറാഴ്ച ഇംഫാലില്‍ നടന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് ബിരേന്‍ സിങിനെ നേതാവായി തിരഞ്ഞെടുത്തത്. കേന്ദ്ര നിരീക്ഷകരായ നിര്‍മല സീതാരാമന്‍, കിരണ്‍ റിജിജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ഫലം വന്ന് പത്തു ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയില്‍ തീരുമാനമാകാത്തതിനാല്‍ ബിരേന്‍ സിങും മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എ ബിശ്വജിത് സിങും രണ്ടുതവണ ഡല്‍ഹിയിലെത്തി കേന്ദ്ര നേതാക്കളെ വെവ്വേറെ കണ്ടിരുന്നു. 2017 ല്‍ 21 സീറ്റുകള്‍ മാത്രം ലഭിച്ച ബി.ജെ.പി, എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ചാണ് മണിപ്പൂരില്‍ ആദ്യമായി അധികാരത്തിലേറിയത്.

Chandrika Web: