X

ഗുജറാത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു: ആദ്യ മണിക്കൂറില്‍ മികച്ച പോളിങ്, എക്‌സിറ്റ്‌പോള്‍ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി

അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ഇന്നു വൈകീട്ട് അഞ്ചിന് അവസാനിക്കുന്നതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. രാവിലെ മുതല്‍ വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ എത്തുന്ന കാഴ്ചയാണ് ഗുജറാത്തില്‍ കാണാന്‍ സാധിച്ചത്. ഉച്ചക്ക് 12 മണിവരെ 39 ശതമാനം പോളിങ് രേഖപ്പെടുത്തി. മികച്ച പോളിങ് ശതമാനമാണിത്.

93 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഒന്നാംഘട്ട വോട്ടെടുപ്പ്. അതിനുശേഷം ഇരുപാര്‍ട്ടികളും ശക്തമായ പ്രചരണമാണ് നടത്തിയത്. 2.22കോടി വോട്ടര്‍മാരാണ് ഇന്ന് ബൂത്തുകളിലെത്തുന്നത്. പോളിങ് പൂര്‍ത്തിയായ ശേഷം വൈകുന്നേരം എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരിക. മെഹ്സാനയില്‍ ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേല്‍, വഡ്ഗാമില്‍ ദളിത് സമരനായകന്‍ ജിഗ്നേഷ് മേവാനി രാധന്‍പൂരില്‍ ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ എന്നിവരാണ് രണ്ടാംഘട്ട വോട്ടെടുപ്പിലെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

നേരത്തെ പല സര്‍വേകളിലും ഗുജറാത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തുമെന്ന് പ്രവചിരുന്നു. അതേസമയം ചെറിയ ഭൂരിപക്ഷത്തില്‍ ബി.ജെ.പി തന്നെ അധികാരം നിലനിര്‍ത്തുമെന്നും സര്‍വേ പ്രവചിച്ചു. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലം എന്താകുമെന്നറിയാന്‍ കാത്തിരിക്കുകയാണ് നിരീക്ഷകര്‍. കഴിഞ്ഞ22 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്നത് ബിജെപിയാണ്. രണ്ടു ഘട്ടങ്ങളിലായി 182 സീറ്റുകളില്‍ നടന്ന നിയസഭാ തെരഞ്ഞെടുപ്പിന്റെ ഫലം  തിങ്കളാഴ്ച അറിയാം.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാരാണ്‍പുരയിലെ പോളിങ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി. വോട്ട് ചെയ്തതിനുശേഷം അമിത് ഷാ കാമേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ ഗാന്ധിനഗറിലെ പോളിങ് ബൂത്തിലെത്തി. പട്ടേല്‍ പ്രക്ഷോഭ നായകന്‍ ഹാര്‍ദിക് പട്ടേലിന്റെ മാതാപിതാക്കളായ ഭാരത് പട്ടേല്‍, ഉഷാ പട്ടേല്‍ തുടങ്ങിയവരും രാവിലെതന്നെ എത്തി വോട്ട് രേഖപ്പെടുത്തി.

chandrika: