X

കുട്ടികള്‍ക്ക് ‘കലക്ടര്‍ മാമന്റെ’ വക നാളെയും അവധി; കൃഷ്ണ തേജയുടെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും വൈറല്‍

ആലപ്പുഴ: ചുമതലയേറ്റ ദിവസം തന്നെ ജില്ലയിലെ ജനങ്ങളുടെ മനസ്സില്‍ ഇടം നേടിയ കലക്ടര്‍ കൃഷ്ണ തേജയുടെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും വൈറല്‍. വ്യത്യസ്ത രീതിയില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കൊണ്ടാണ് ആദ്യദിനം കലക്ടര്‍ ജനങ്ങളുടെ ശ്രദ്ധ നേടിയത്. മുതിര്‍ന്ന സഹോദരന്റെയോ രക്ഷിതാവിന്റെയോ സ്ഥാനത്ത് നിന്ന് സംസാരിക്കുന്ന രീതിയിലായിരുന്നു തേജയുടെ ആദ്യ അവധി പ്രഖ്യാപന കുറിപ്പ്.

രണ്ടാം ദിനവും ഇതേ പുതുമ നിലനിര്‍ത്തി കൊണ്ടാണ് കലക്ടര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. സ്വയം ‘കലക്ടര്‍ മാമന്‍’ എന്നു വിശേഷിപ്പിച്ച് കുട്ടികള്‍ക്ക് കൃത്യതയാര്‍ന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയാണ് അവധിയാണെന്ന് അറിയിച്ചത്.

നാളെയും അവധിയാണെന്നും മഴക്കാലമായതിനാല്‍ അച്ഛനമ്മമാര്‍ ജോലിക്കു പോകുമ്പോള്‍ അവരുടെ ബാഗില്‍ കുടയും മഴക്കോട്ടുമുണ്ടെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. കൂടാതെ പോകുന്നതിനു മുമ്പ് അവരെ കെട്ടിപിടിച്ച് ഉമ്മ കൊടുക്കണമെന്നും തങ്ങള്‍ ഇവിടെ കാത്തിരിപ്പുണ്ടെന്നും സൂക്ഷിച്ച് വണ്ടിയോടിച്ച് വൈകിട്ട് നേരത്തെ വരണമെന്നു സ്‌നേഹത്തോടെ പറയണമെന്നും കുട്ടികളോട് കലക്ടര്‍ ആവശ്യപ്പെടുന്നു. നല്ല ശീലങ്ങള്‍ പാലിച്ച് മിടുക്കരാവണമെന്ന് ആവശ്യപ്പെടുന്ന അദ്ദേഹം ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേയെന്നും സ്‌നേഹവാത്സല്യത്തോടെ ഉപദേശിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

പ്രിയപ്പെട്ട കുട്ടികളെ,
നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ…
മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാര്‍ ജോലിക്ക് പോകുമ്പോള്‍ അവരുടെ ബാഗില്‍ കുട, മഴക്കോട്ട് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ… പോകുന്നതിന് മുന്‍പ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം.
ഞങ്ങള്‍ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്‌നേഹത്തോടെ പറയണം. നല്ല ശീലങ്ങള്‍ പാലിക്കണം. മിടുക്കരാകണം.
ഒരുപാട് സ്‌നേഹത്തോടെ
നിങ്ങളുടെ പ്രിയപ്പെട്ട
കളക്ടര്‍ മാമന്‍

 

Chandrika Web: