നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. വധഗൂഢാലോചന കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജാമ്യം അനുവദിക്കരുതെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി.
കേസിലെ വിചാരണ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് വ്യക്തമല്ല, പല പ്രതികള്‍ക്കും ഇതിനോടകം ജാമ്യം ലഭിച്ചിട്ടുണ്ട്, അഞ്ചു വര്‍ഷമായി ഇയാള്‍ ജയിലില്‍ കഴിയുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ജാമ്യത്തിന് കര്‍ശന ഉപാധികള്‍ വയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി.
ആക്രമണം നടന്ന ദിവസം നടിയുടെ വാഹനമോടിച്ച വ്യക്തിയാണ് മാര്‍ട്ടിന്‍ ആന്റണി. കേസില്‍ മാര്‍ട്ടിന്‍ പങ്ക് ഉണ്ടായിരുന്നില്ലെങ്കില്‍ നടിക്ക് അത്തരമൊരു ആക്രമണം പോലും ഉണ്ടാകുമായിരുന്നില്ല എന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു, കൂടാതെ മാര്‍ട്ടിനെ ജാമ്യം അനുവദിച്ചാല്‍ മറ്റുപ്രതികളും ഇനി ജാമ്യത്തിനായി ശ്രമിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ നിരപരാധിയായ തന്നെ കേസില്‍ ചതിച്ചതാണെന്നും നടിയെ പോലെ താനും ഈ കേസില്‍ ഒരു ഇരയാണെന്നും മാര്‍ട്ടിന്‍ ഹര്‍ജിയില്‍ പറയുന്നു.
2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്.