മത്സര ഫലം അങ്ങോട്ടുമിങ്ങോട്ടുമാടിയ രണ്ടാം ടെസ്റ്റ് പോലെ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് പ്രഖ്യാപനവും കാണികളില്‍ ഉദ്വേഗമുണ്ടാക്കി. ഇന്ത്യന്‍ ടീമിലെ രണ്ടിലധികം താരങ്ങള്‍ക്ക് മത്സരത്തിലെ കേമന്‍ പട്ടത്തിന് സാധ്യതയുണ്ടായതാണ് കാണികളില്‍ ആശ്ചര്യമുണ്ടാക്കിയത്.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് താങ്ങി നിര്‍ത്തിയ ചേതേശ്വര്‍ പൂജാര (81), അജിങ്ക്യ രഹാനെ (77), രണ്ടാം ഇന്നിങ്‌സില്‍ പ്രതിസന്ധി ഘട്ടത്തില്‍ പൊരുതിയ രോഹിത് ശര്‍മ (82), രണ്ടിന്നിങ്‌സിലും പുറത്താവാതെ അര്‍ധ സെഞ്ചുറി തികച്ച വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ (54*, 58*) എന്നിവര്‍ ബാറ്റിങിലും ആദ്യ ഇന്നിങ്‌സില്‍ അഞ്ച് കിവീസ് വിക്കറ്റുകള്‍ പിഴുത ഭുവനേശ്വര്‍, രണ്ട് ഇന്നിങ്‌സിലും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ മുഹമ്മദ് ഷമി എന്നിവര്‍ ബൗളിങിലും കേമന്‍ പട്ടം പ്രതീക്ഷിച്ചുണ്ടായിരുന്നു.
എന്നാല്‍ രണ്ടിന്നിങ്‌സിലും പൊരുതിയ സാഹയെ തന്നെ ഒടുവില്‍ മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു. ഇതാദ്യമായാണ് ടെസ്റ്റില്‍ സാഹ ഈ നേട്ടം കരസ്ഥമാക്കുന്നത്. കൂടാതെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ഭീഷണിയുയര്‍ത്തി ബാറ്റിങ് തുടര്‍ന്ന ടോം ലഥാമിനെ ക്യാച്ചെടുത്ത് പുറത്താക്കിയതും സാഹയെ തുണച്ചു.