ന്യൂഡല്‍ഹി: വോഡഫോണും ഐഡിയയും തമ്മിലുള്ള ലയനത്തില്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വിശദീകരണം തേടി. ലയന പ്രക്രിയയിലെ വിശദാംശങ്ങള്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് സെബിയുടെ നോട്ടീസ്. അതേ സമയം, കഴിഞ്ഞ മാസം ലയന പദ്ധതികള്‍ വീശദീകരിച്ചു കൊണ്ടു കോമ്പറ്റീഷന്‍ കമ്മീഷനെ സമീപിച്ചതായും വ്യാപാര നിയന്ത്രണ കമ്മീഷന്റെ തീരുമാനത്തിനായി കാത്തു നില്‍ക്കുകയാണെന്നും ഇരുകമ്പനികളും അറിയിച്ചു. എട്ടു മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞ മാസം ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഡിയയും ബ്രിട്ടീഷ് കമ്പനിയായ വോഡഫോണും തമ്മില്‍ ലയിക്കാന്‍ ധാരണയായിരുന്നു. പുതിയ കമ്പനിയില്‍ വോഡഫോണിനും ഐഡിയയ്ക്കും തുല്യ ഓഹരി പങ്കാളിത്തമായിരിക്കും. ഏകദേശം ലയനം പൂര്‍ണമാകുന്നതോടെ ഇന്ത്യയിലെ മൊബൈല്‍ വിപണിയുടെ 45.1 ശതമാനം പുതിയ സംയുക്ത കമ്പനിക്കാകും. ലയനവുമായി ബന്ധപ്പെട്ട് സെബിയില്‍ ഐഡിയ അനുമതിയ്ക്കായി കത്തു നല്‍കിയിരിക്കുകയാണ്. എന്നാല്‍, ലയനം സംബന്ധിച്ച് പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐഡിയയോട് സെബി ആവശ്യപ്പെട്ടു.