നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ന്യായീകരിച്ചു കൊണ്ടുള്ള സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം ഓണ്‍ലൈന്‍ മാധ്യമമായ ‘സൗത്ത്‌ലൈവി’ന്റെ ഔദ്യോഗിക നിലപാടെന്ന് മാനേജ്‌മെന്റ്. ‘സഹാനുഭൂതി കുറ്റമല്ല, ദിലീപിനു വേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം’ എന്ന തലക്കെട്ടില്‍ സെപ്തംബര്‍ 10-നാണ് സൗത്ത്‌ലൈവ് ചീഫ് എഡിറ്ററും ചെയര്‍മാനുമായ സെബാസ്റ്റ്യന്‍ പോള്‍ ലേഖനമെഴുതിയത്. ചീഫ് എഡിറ്ററുടെ ലേഖനത്തോട് വിയോജിപ്പുള്ളവര്‍ പുറത്തു പോവണമെന്ന സെബാസ്റ്റിയന്‍ പോളിന്റെ പ്രഖ്യാപനം സൗത്ത് ലൈവിന്റെ തന്നെ നിലപാടാണെന്ന് മാനേജ്‌മെന്റ് ജീവനക്കാരുടെ യോഗത്തില്‍ വ്യക്തമാക്കുകയായിരുന്നു. സൗത്ത് ലൈവിലെ മാധ്യമ പ്രവര്‍ത്തകരക്കം നിരവധി പേര്‍ സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനത്തിനെതിരെ രംഗത്തു വന്നിരുന്നു.
സെബാസ്റ്റിയന്‍ പോളിന്റെ ലേഖനം സൗത്ത്‌ലൈവിന്റെ ഹോം പേജില്‍ വലിയ പ്രാധാന്യത്തോടെ ഇപ്പോഴും ഉണ്ട്. വിവാദമായ ലേഖനത്തിലെ എതിരഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെടാതിരിക്കാന്‍ ലേഖനത്തിനു കീഴില്‍ കമന്റ് ചെയ്യാനുള്ള ഓപ്ഷന്‍ എടുത്തു കളഞ്ഞിട്ടുണ്ട്.
ജീവനക്കാരുടെ യോഗത്തില്‍, സെബാസ്റ്റിയന്‍ പോളിന്റെ ലേഖനത്തെപ്പറ്റി മാനേജ്‌മെന്റ് നിലപാട് വ്യക്തമാക്കണമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോഴാണ് ‘ചെയര്‍മാന്റെ നിലപാട് സ്ഥാപനത്തിന്റെയും നിലപാടാണ്’ എന്ന് മാനേജിങ് ഡയറക്ടര്‍ സാജ് കുര്യനും സി.ഇ.ഒ ജോഷി സിറിയക്കും അറിയിച്ചത്. അക്രമിക്കപ്പെട്ട നടിയെ പിന്തുണക്കുന്നതിനു പകരം അറസ്റ്റിലായ നടന്റെ മനുഷ്യാവകാശത്തെപ്പറ്റി സംസാരിക്കുന്ന നയത്തില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം മാധ്യമ പ്രവര്‍ത്തകര്‍ മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്.
നേരത്തെ, മറ്റൊരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സെബാസ്റ്റിയന്‍ പോള്‍ ജീവനക്കാരുടെ ആത്മാഭിമാനം തകര്‍ക്കുന്ന തരത്തില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിലുള്ള പ്രതിഷേധം സൗത്ത്‌ലൈവ് മാധ്യമ പ്രവര്‍ത്തകര്‍ രേഖപ്പെടുത്തി. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍.കെ ഭൂപേഷ്, സീനിയര്‍ എഡിറ്റര്‍ സി.പി സത്യരാജ്, അസോസിയേറ്റ് എഡിറ്റര്‍ മനീഷ് നാരായണ്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ ചീഫ് എഡിറ്റര്‍ക്കെതിരായ നിലപാടാണെടുത്തത്. എന്നാല്‍, വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ സ്ത്രീപീഡന കേസിലെ പ്രതിയെ സംരക്ഷിച്ചു കൊണ്ടുള്ള വിചിത്ര നിലപാട് മാനേജ്‌മെന്റ് പ്രഖ്യാപിക്കുകയായിരുന്നു.
ഇതോടെ, മലയാളത്തിലെ മുന്‍നിര പോര്‍ട്ടലുകളിലൊന്നായ സൗത്ത്‌ലൈവ് വന്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. മാനേജ്‌മെന്റ് നയത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ജോലി മാറാനുള്ള ഒരുക്കത്തിലാണ്.