മൈക്കിന്റെ സ്വാതന്ത്ര്യം മുഖ്യമന്ത്രിയുടെ മുക്കുവരെയെന്ന് സെബാസ്റ്റ്യന്‍ പോള്‍

കോഴിക്കോട്: ചാനലുകള്‍ക്ക് മൈക്ക് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ആ സ്വാതന്ത്ര്യം മുഖ്യമന്ത്രിയുടെ മൂക്കില്‍ അവസാനിക്കുമെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍. അതുകൊണ്ട് മുഖ്യമന്ത്രിക്ക് മാറി നില്‍ക്കൂ എന്നു പറയേണ്ടി വരുന്നത്. ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്യത്തിനു ന്യായമായ നിയന്ത്രണങ്ങളുമുണ്ട്. അതും ഭരണഘടനയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്റെ കുട ചുഴറ്റാനുള്ള സ്വാതന്ത്ര്യം അന്യന്റെ മുക്കു വരെയുള്ളു എന്ന് പറയാറില്ലേ. അത്രേയേ ഇതുമുള്ളു -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ഗവ. ലോ കോളേജില്‍ ഭരണഘടനാ ദിനാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ നിര്‍മാണം എന്നായിരുന്നു വിഷയം. സംവരണം ഇന്നത്തെ രീതിയില്‍ നിലനില്‍ക്കണോ എന്ന കാര്യത്തില്‍ എനിക്കും സംശയമുണ്ട്. മണ്ഡല്‍ കമ്മീഷനു ശേഷം സംവരണത്തിനു വേണ്ടി ഒരുപാട് സംസാരിച്ച വ്യക്തിയാണ് ഞാന്‍. ഭരണഘടനയില്‍ ആദ്യ ഭേദഗതി കൊണ്ടുവന്നതു തന്നെ സംവരണത്തിനു വേണ്ടിയായിരുന്നു. വിദ്യാഭ്യാസപരമായും സാമൂഹികലവുമായ പിന്നോക്കാവാസ്ഥകളെ കുറിച്ചേ ഭരണഘടനയില്‍ പറയുന്നുള്ളു. സാമ്പത്തിക പിന്നോക്കാവസ്ഥയെ കുറിച്ചു പറയുന്നില്ല. എങ്കില്‍ ഭരണഘടന പറയുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണം നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് മൂന്നോക്കാക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത്.
അതുകൊണ്ട് അതു ഭരണഘനാ വിരുദ്ധമാണെന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ മുന്നോക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് തുല്യ അവസരം നഷ്ടപ്പെടുന്നു എന്നു പറയാവുന്നതാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി. ചരിത്രത്തിലെ വിസ്മയമാണ് ഇന്ത്യന്‍ ഭരണഘടന. നമ്മുടെ റിപ്പബ്ലിക്കിനെ നിലനിര്‍ത്തുന്ന ആധാര ഗ്രന്ഥമാണ് അത്. ഭരണഘടനയുടെ സ്ഥാപിത പിതാക്കന്മാര്‍ വളരെ സൂഭക്ഷ്മതയോടെയാണ് അത് കൈകാര്യം ചെയ്തത്. നെഹ്‌റുവിനേയും അംബേദ്കറേയും ഒക്കെ പോലെ വിസ്മയം ജനിപ്പിക്കുന്ന ഒരു താരാപഥം തന്നെയുണ്ടായിരുന്നു അതിനു പിന്നില്‍. ഇന്നത്ത പാര്‍ലമെന്റ് വിചാരിച്ചാല്‍ ഭരണഘടന പിച്ചിച്ചീന്തി കളയാമെന്നല്ലാതെ അതുപോലെ വേറെ ഒന്നു എഴുതിയുണ്ടാക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ മനസ്സിലാകുന്ന പത്ത് ശതമാനം പേര്‍ പോലും സഭയില്‍ ഇല്ലെന്നതാണ് അതിനു കാരണം. പുതിയൊരു ഭരണഘടന ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിയില്ല.
ഭരണഘടനയനുസരിച്ച് ദേശം ഒരു സങ്കല്‍പമാണ്. ഇന്ത്യ എന്ന വേറിട്ട ഒരു രാജ്യമില്ല. യൂനിയന്‍ ഓഫ് സ്റ്റേറ്റ്‌സാണ് ഇന്ത്യയെന്ന സങ്കല്‍പം. ദേശസ്‌നേഹം എന്നു പറഞ്ഞു ഭൂപടത്തിലെ വരകളെ ആദരിക്കുന്നതില്‍ അര്‍ഥമില്ല. മതേതരത്വവും സോഷ്യലിസവും ഭരണഘടനയില്‍ അന്തര്‍ലീനമാണെന്നതിനാലാണ് ആ വാക്കുകള്‍ ഭരണഘടനാ ശില്‍പികള്‍ പ്രിയാമ്പിളില്‍ ചേര്‍ക്കാതിരുന്നത്. ആ രണ്ടു വാക്കുകളേയും നിര്‍വചിക്കാന്‍ കഴിയില്ലെന്നായിരുന്നു അംബേദ്കര്‍ പറഞ്ഞത്. പിന്നീട് നാല്‍പ്പത്തിരണ്ടാം ഭേദഗതിയിലൂടെ സോഷ്യലിസവും സെക്കുലരിസവും ചേര്‍ത്തെങ്കിലും ഇന്നു അത് അറിഞ്ഞോ അറിയാതെയോ അതു കയ്യൊഴിഞ്ഞുകൊണ്ടിരിക്കുന്നതാണ് കാണുന്നത്. മാനവികതയാണ് നമ്മുടെ ഭരണഘടനയെ വിശിഷ്ടമാക്കുന്നത്. മാനവിക മൂല്യങ്ങളാണ് ഭരണഘടനക്കു വെളിച്ചം നല്‍കുന്നത്. അത് തലമുറയുടെ ഭാഗ്യമാണ് -അദ്ദേഹം വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ ബിന്ദു നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഡോ. തിലകാനന്ദന്‍ സ്വാഗതവും നവനീത് പവിത്രന്‍ നന്ദിയും പറഞ്ഞു.

chandrika:
whatsapp
line