മാനന്തവാടി: തുടര്‍ച്ചയായ തിരച്ചില്‍ നടത്തിയിട്ടും പനവല്ലിയില്‍ ഭീതി സൃഷ്ടിക്കുന്ന കടുവയെ കണ്ടെത്താനായില്ല. മൂന്ന് കൂടുകള്‍ ഉണ്ടായിട്ടും കൂട്ടില്‍ കുടുങ്ങാതെ കടുവ സാന്നിധ്യം പ്രദേശങ്ങളില്‍ പതിവായി മാറുകയാണ്. തിരുനെല്ലി കാളംങ്കോട് വെച്ച് കടുവയെ കണ്ട് ഭയന്ന് സ്‌കൂട്ടര്‍ തിരിക്കുന്നതിനിടയില്‍ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് തിരുനെല്ലി ടെംബിള്‍ എംബ്ലോയ്‌സ് സൊസൈറ്റി ജീവനക്കാരന്‍ ചെറിയ ആക്കോല്ലി രഘുനാഥിന് പരുക്കേറ്റിരുന്നു. രാത്രി കാലങ്ങളില്‍ പനവല്ലി, സര്‍വ്വാണി പ്രദേശങ്ങളില്‍ പലരുടേയും വീട്ട് മുറ്റത്ത് കടുവ എത്തുകയും വളര്‍ത്ത് നായകള്‍ ഉള്‍പ്പെടെ കൊന്ന് തിന്നുകയും ചെയ്തിരുന്നു. കൂടുകള്‍ക്ക് സമീപത്ത് പതിവായി കടുവ സാന്നിധ്യം ഉണ്ടാകാറുണ്ടെങ്കിലും ദിവസങ്ങള്‍ പിന്നിട്ടിട്ടും കടുവ കുടുങ്ങാത്തത് വനം വകുപ്പിന് തന്നെ ആശങ്കയായിരിക്കുകയാണ്.
പ്രദേശങ്ങളില്‍ പ്രത്യേകം പരിശീലന ലഭിച്ച വനം വകുപ്പ് ജീവനക്കാര്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കടുവയെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. ആവശ്യമെങ്കില്‍കടുവയെ വെടിവെച്ച് പിടികൂടാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും കടുവകളുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ ധാരണയില്ലാത്തതും ആശയകുഴപ്പത്തിന് ഇട നല്‍കുന്നുണ്ട്. പനവല്ലിയിലെ ജനവാസ മേഖലയില്‍ കടുവക്കായി തിരച്ചില്‍ നടത്തുന്നതും ആശങ്കക്കിടയാക്കുന്നുണ്ട്.
കടുവകളെ വെടിവെച്ച് പിടികൂടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പനവല്ലി വനിതാ സമുച്ചയത്തില്‍ സര്‍വ്വകക്ഷി ഭാരവാഹി യോഗം ചേരും.