X

ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതം; മറ്റ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന

ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ചിട്ടും നടന്‍ സിദ്ദിഖിനെ പിടികൂടാനാകാതെ പൊലീസ്. ഹെക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു.

എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പൊലീസ് അന്വേഷിച്ചു. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അര്‍ദ്ധരാത്രിയും തുടര്‍ന്നു. അതിനിടെ പ്രതിയെ രക്ഷപെടാന്‍ അനുവദിക്കുയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് ഉളളതിനാല്‍ വിദേശത്തേക്ക് കടക്കാനുളള സാധ്യതയില്ലെന്നാണ് നിഗമനം. സിദ്ദിഖിനായി ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കേസില്‍ ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കിയേക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകര്‍ ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി സംസാരിച്ചു.

അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തയാറാക്കുന്നത്. 2016 ഇല്‍ നടന്ന സംഭവത്തില്‍ 2024ല്‍ പരാതി നല്‍കിയത് ചോദ്യം ചെയ്താകും ഹര്‍ജി. അതേസമയം സിദ്ദിഖിന്റെ നീക്കം മുന്‍കൂട്ടി കണ്ട്, തടസവാദ ഹരജി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് പരാതിക്കാരി.

webdesk13: