ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഗംഗാവലി പുഴയിൽ ഇറങ്ങി തിരച്ചിൽ തുടങ്ങി. കൂടുതൽ മത്സ്യത്തൊഴിലാളികൾ ദൗത്യത്തിന്റെ ഭാഗമാകും. തിരച്ചിലിനിടെ ഒരു ലോറിയുടെ ലോഹഭാഗം കണ്ടെത്തി. ഇത് അർജുൻ ഓടിച്ച ലോറിയുടെ ഭാഗമല്ലെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ദൗത്യ മേഖലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ബാരിക്കേഡ‍് സ്ഥാപിച്ച് മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു. മൽപെയ്ക്കും സംഘത്തിനുമൊപ്പം നാവികസേനയുടെ മുങ്ങൽ വിദഗ്ധരും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും ദൗത്യത്തിന്റെ ഭാഗമാകും.
ഈശ്വർ മാൽപെ ഇന്നലെ നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. ഹൈഡ്രോളിക് ജാക്കിക്കൊപ്പം അപകടത്തിൽപെട്ട ടാങ്കർ ലോറിയുടെ രണ്ട് ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം മൂന്ന് വസ്തുക്കളാണ് കണ്ടെത്തിയത്.
വൈകിട്ട് നാലേ കാലോടെയാണ് ഈശ്വർ മൽപെ പുഴയിലിറങ്ങിയുള്ള തെരച്ചിൽ ആരംഭിച്ചത്. നിരവധി തവണയാണ് പുഴയിലിറങ്ങിയുള്ള പരിശോധന നടത്തിയത്. ലോറിയുടെ പിൻഭാഗത്ത് ടൂൾസ് ബോക്സിലാണ് ജാക്കി സൂക്ഷിച്ചിരുന്നതെന്നും പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയതെന്നും അർജുൻ ഓടിച്ചിരുന്ന ഭാരത് ബെൻസ് ലോറിയിലുണ്ടായിരുന്നതാണ് ഇതെന്നും ഇക്കാര്യത്തിൽ യാതൊരു സംശയവും ഇല്ലെന്നും മനാഫ് പറഞ്ഞു. മനാഫും അർജുന്റെ സഹോദരി ഭർത്താവ് ജിതിനും സ്ഥലത്തുണ്ട്.