തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള തിരച്ചില്‍ രണ്ടാം ദിവസവും തുടരുന്നു. സ്‌കൂബ സംഘം മാന്‍ഹോളില്‍ ഇറങ്ങി പരിശോധന നടത്തി. ഇതുവരെ 40 മീറ്ററാണ് പരിശോധിച്ചത്. 30 അംഗ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്.
പരിശോധനക്കായി സംസ്ഥാന സര്‍ക്കാരിന്റെ ജൻറോബോട്ടിക്സിൽ നിന്നുള്ള റോബോട്ടിനെ എത്തിച്ചു. ശനിയാഴ്ച രാവിലെയാണ് നഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. മാലിന്യം തിങ്ങിനിറഞ്ഞതിനാല്‍ ആദ്യഘട്ടത്തില്‍ തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായില്ല.
റെയില്‍വേയുടെ മൂന്നാം പ്ലാറ്റ്‌ഫോമിലെ മാന്‍ഹോളിലാണ് രാവിലെ സ്‌കൂബ സംഘം പരിശോധിച്ചത്. മൂന്നു പേരാണ് മാന്‍ഹോളില്‍ ഇറങ്ങിയത്. ഇവിടെ ജോയിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇവര്‍ തിരിച്ചു കയറി. തോടില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു. തോടിനടിയില്‍ നിറയെ പാറക്കെട്ടുകളുമുണ്ട്. ഇതിലും മാലിന്യം നിറഞ്ഞ സ്ഥിതിയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.