ന്യൂഡല്‍ഹി; ഉത്തരാഖണ്ഡിലെ തീര്‍ഥാടനകേന്ദ്രമായ ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ഭൂമി ഇടിഞ്ഞുതാഴ്ന്ന് വീടുകള്‍ തകരുന്ന 4 വാര്‍ഡുകളില്‍ പ്രവേശനനിരോധനം ഏര്‍പ്പെടുത്തി. നാട്ടുകാരെ ഇന്ന് ഒഴിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സിങ്ധര്‍, ഗാന്ധിനഗര്‍, മനോഹര്‍ബാഗ്, സുനില്‍ എന്നിവിടങ്ങളിലാണ് അതിസങ്കീര്‍ണമായ അവസ്ഥ.
ജോഷിമഠില്‍ 4,500 കെട്ടിടങ്ങളില്‍ 610 എണ്ണം വിള്ളല്‍ വീണതിനെ തുടര്‍ന്ന് വാസയോഗ്യമല്ലാതായെന്നാണു കണക്ക്. പ്രദേശത്തേക്കു തിരിച്ചുവരവ് സാധ്യമാകില്ലെന്നും തപോവന്‍ ഹൈഡ്രോ പവര്‍ പ്രൊജക്ട് അടക്കമുള്ള നിര്‍മാണങ്ങളാണു പ്രശ്‌നത്തിനു കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജോഷിമഠിനെ തകര്‍ക്കുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് ഇനിയെങ്കിലും കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആവശ്യപ്പെട്ടു.
ജോഷിമഠിന്റെ സംരക്ഷണത്തിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും ഒഴിപ്പിക്കലിനോടു സഹകരിക്കണമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അഭ്യര്‍ഥിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വാമി അവിമുക്തേശ്വരാനന്ദ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ അടിയന്തരവാദം കേള്‍ക്കുന്നതില്‍ സുപ്രീംകോടതി ചൊവ്വാഴ്ച തീരുമാനമെടുക്കും.