X

അഭിമന്യുവിനെ ഒറ്റിയതിന് അബ്ദുറഹ്മാന് കിട്ടിയ പ്രതിഫലമാണ് എസ്.ഡി.പി.ഐ പിന്തുണ:  പി.കെ ഫിറോസ്

കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളേജിൽ കൊലചെയ്യപ്പെട്ട അഭിമന്യുവിൻ്റെ കൊലയാളികളെ രക്ഷപ്പെടുത്തിയതിൻ്റെ പ്രതിഫലമാണ് താനൂരിൽ വി അബ്ദുറഹ്മാന് കിട്ടിയ എസ്ഡിപിഐ പിന്തുണയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനൂരിൽ വി അബ്ദുറഹ്മാൻ്റെ വിജയം എസ്.ഡി.പി.ഐ പിന്തുണയിലാണെന്ന് നേരത്തേ പറഞ്ഞതാണ്. ഇപ്പോൾ മലപ്പുറം ജില്ലാ എസ്.ഡി.പി.ഐ സെക്രട്ടറിയേറ്റ് പരസ്യ പ്രസ്താവനയിലൂടെ അതിന് വ്യക്തത നൽകിയിരിക്കുന്നു. എസ്.ഡി.പി.ഐ പിന്തുണ കിട്ടിയിരുന്നോ എന്ന ചോദ്യത്തിന് തനിക്ക് എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുന്ന ലഭിച്ചിരുന്നു എന്നാണ് മന്ത്രി മറുപടി പറഞ്ഞത്. പിന്തുണ നൽകുമ്പോൾ വി അബ്ദുറഹ്മാൻ്റെ വാഗ്ദാനം പണമായിരുന്നെങ്കിലും അഭിമന്യവിൻ്റെ കൊലയാളികളെ രക്ഷപ്പെടുത്തണമെന്ന ആവശ്യമായിരുന്നു എസ്.ഡി.പി.ഐ മുന്നോട്ട് വെച്ചത്.

കഴിഞ്ഞ ആറ് വർഷമായി വിചാരണ പോലും തുടങ്ങാത്തതിലൂടെ വി അബ്ദുറഹ്മാൻ നൽകിയ ഉറപ്പ് പാലിച്ചിരിക്കുകയാണെന്നും ഫിറോസ് ആരോപിച്ചു. പ്രതികൾക്കെതിരെയുള്ള കുറ്റപത്രം, പോസ്റ്റ് മോർട്ടം റിപ്പോർട്ട്, വൂണ്ട് സർട്ടിഫിക്കറ്റ് തുടങ്ങിയ 11 നിർണായക രേഖകൾ കോടതിയിൽ നിന്നും കാണാതായത് കരാറിൻ്റെ ബാക്കിപത്രമാണെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു. തങ്ങൾക്ക് എതിരായ വിധികൾ പ്രഖ്യാപിക്കുന്ന ജഡ്ജിമാർക്കെതിരെ സമരം നടത്തുന്നവരും മോശമായ പദപ്രയോഗം നടത്തി അധിക്ഷേപിക്കുന്നവരും കോടതിയിൽ നിന്നും കൂട്ടത്തിലൊരുത്തനെ കൊലപ്പെടുത്തിയവർക്കെതിരെയുള്ള രേഖകൾ നഷ്ടപെട്ടിട്ടും മിണ്ടാതിരിക്കുന്നതിലും കൃത്യമായ അന്വേഷണം നടത്താത്ത പൊലീസിൻ്റെ സമീപനത്തിലും ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അറും കൊല ചെയ്തവർക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുന്ന മന്ത്രി വി അബ്ദുറഹ്മാനോടുള്ള നിലപാട് എസ്.എഫ്.ഐ യും ഡി.വൈ.എഫ്.ഐ യും വ്യക്തമാക്കണമെന്നും എസ്.ഡി.പി.ഐ പിന്തുണയോടെ ജയിച്ച മന്ത്രിയെ പുറത്താക്കാൻ സി.പി.എം തയ്യാറുണ്ടോ എന്നും ഫിറോസ് അഭിപ്രായപ്പെട്ടു.

webdesk14: