ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ഫാസിസത്തിനും ഹിന്ദുത്വ ഭീകരതക്കുമെതിരെ പോരാട്ടം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന എസ്.ഡി. പി.ഐയുടെ തനി നിറം പുറത്ത്. നേരത്തെ 25 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിക്കുകയും മൂന്നിടത്തൊഴികെ മറ്റെല്ലായിടത്തും സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുകയും ചെയ്ത എസ്.ഡി.പി.ഐ ന്യൂനപക്ഷ വോട്ടുകളുടെ ഭിന്നത ഒഴിവാക്കാനെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.
കോണ്‍ഗ്രസ് എസ്.ഡി.പി. ഐയുടെ സഹായം തേടിയെന്ന് ബി.ജെ.പി പലയിടത്തും പ്രചാരണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ എസ്.ഡി.പി.ഐ മത്സരിച്ച മൂന്നിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കു ലഭിക്കേണ്ടിയിരുന്ന ന്യൂനപക്ഷ വോട്ടുകളില്‍ ഭിന്നതയുണ്ടാക്കാനാണ് അവര്‍ക്ക് സാധിച്ചത്. ബംഗളൂരു നഗരത്തിലെ ചിക്‌പേട്ട് മണ്ഡലത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യം ബി.ജെ.പിയുടെ വിജയത്തിന് കാരണമാവുകയും ചെയ്തു. നേരത്തെ പ്രചാരണ സമയത്ത് തന്നെ ഇവിടുത്തെ എസ്.ഡി. പി.ഐ സ്ഥാനാര്‍ത്ഥി മുജാഹിദ് പാഷ ബി.ജെ.പിയെ സഹായിക്കാനാണ് മത്സരിക്കുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് 13,059 വോട്ടിന് ജയിച്ച മണ്ഡലത്തില്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഉദയ് ബി ഗരുഡാചര്‍ ജയിച്ചത് 7934 വോട്ടിന്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 49378 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി നേടിയത് 57312 വോട്ടുകള്‍. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി മുജാഹിദ് പാഷ നേടിയത് 11700 വോട്ടുകള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കേണ്ട മുസ്്‌ലിം വോട്ടുകള്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി നേടിയതോടെ മണ്ഡലം ബി.ജെ. പി സ്വന്തമാക്കി. മൈസൂരുവിലെ നരസിംഹരാജ മണ്ഡലത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അബ്ദുല്‍ മജീദ് 33284 വോട്ടു നേടി മൂന്നാം സ്ഥാനത്തെത്തി. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്‍വീര്‍ സേട്ടിന് ഒരു ഘട്ടത്തില്‍ ഭീഷണി ഉയര്‍ത്താന്‍ എസ്.ഡി. പി.ഐക്ക് ആയെങ്കിലും തന്‍വീര്‍ സേട്ട് കഴിഞ്ഞ തവണ കോണ്‍ഗ്രസ് നേടിയ 8,370 വോട്ടിന്റെ ലീഡ് 18127 ഉയര്‍ത്തി ബി.ജെ.പിയുടെ എസ് സതീശിനെ പരാജയപ്പെടുത്തി. എസ്.ഡി.പി.ഐയുടെ സാന്നിധ്യമില്ലെങ്കില്‍ അര ലക്ഷം വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിക്കേണ്ടതായിരുന്നു ഇവിടെ. കടുത്ത പോരാട്ടം നടന്ന ഉത്തര ഗുല്‍ബര്‍ഗയില്‍ എസ്.ഡി. പി. ഐ സ്ഥാനാര്‍ത്ഥിക്ക് സാന്നിധ്യം അറിയിക്കാനായില്ല.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനീസ് ഫാത്തിമ 64311 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ ബി.ജെ.പിയുടെ ചന്ദ്രകാന്ത് ബി പാട്ടീല്‍ 58371 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. 2013 ല്‍ കോണ്‍ഗ്രസ് 20,121 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച ഇവിടെ ഇത്തവണ ഭൂരിപക്ഷം 5940 ആയി കുറഞ്ഞു. എസ്.ഡി. പി. ഐ സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്‌സിന്‍ ഇവിടെ നേടിയത് 797 വോട്ടുകള്‍ മാത്രമാണ്.
ബി.ജെ. പി തന്നെ സ്‌പോണ്‍സര്‍ ചെയ്ത ഡോ നൂറ ശൈഖിന്റെ മഹിളാ എംപവര്‍മെന്റ് പാര്‍ട്ടിയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കിലും കോണ്‍ഗ്രസ് പെട്ടിയില്‍ വീഴേണ്ട വോട്ടുകള്‍ ഇല്ലാതാക്കാന്‍ ചില മണ്ഡലങ്ങളില്‍ ഇവര്‍ക്കും സാധിച്ചു.