X
    Categories: indiaNews

കോവിഡ് വ്യാപനം: വിമാനയാത്ര നിയന്ത്രിക്കണമെന്ന് കോണ്‍ഗ്രസ്; മാനദണ്ഡം പാലിച്ചില്ലെങ്കില്‍ ജോഡോയാത്ര നിര്‍ത്തണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ചൈന, അമേരിക്ക അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുകയാണ്. വിദേശ വിമാനസര്‍വീസില്‍ നിയന്ത്രണം വേണമെന്ന് കോണ്‍ഗ്രസ് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. രോഗബാധ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നത് നിയന്ത്രിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയില്‍ ആശുപത്രികളും ശ്മശാനങ്ങളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ മാനദണ്ഡം പാലിച്ചില്ലെങ്കില്‍ ജോഡോയാത്ര നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, അശോക് ഗെഹലോട്ട് എന്നിവര്‍ക്ക് ആവശ്യം ഉന്നയിച്ച് കത്തു നല്‍കി.

മാസ്‌കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കണം. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വാക്‌സിന്‍ എടുത്തവരെ മാത്രമേ യാത്രയില്‍ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ. മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കഴിയില്ലെങ്കില്‍ യാത്ര നീട്ടിവെക്കണമെന്നുമാണ് കത്തില്‍ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്.

വിദേശ രാജ്യത്ത് കോവിഡ് വീണ്ടും പടര്‍ന്നുപിടിക്കുന്നത് കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് ഉന്നതതലയോഗം വിളിച്ചു. ആരോഗ്യവിദഗ്ധര്‍, കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍, നീതി ആയോഗ്, കോവിഡ് സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. കോവിഡ് പോസിറ്റീവ് ആകുന്ന രോഗികളുടെ സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്തണമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി കഴിഞ്ഞ ദിവസം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Test User: