പി.എം. മൊയ്തീന്‍കോയ
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ പദ്ധതി മൂലം നിലവിലുള്ള ആനുകൂല്യം നഷ്ടമാകുമെന്നും വിലക്കയറ്റവും അരിക്ഷാമവും സൃഷ്ടിക്കപ്പെടുമെന്നും ആശങ്ക ഉയരുന്നു. ദാരിദ്യ രേഖക്ക് താഴെയുള്ള പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യനിരക്കില്‍ ഒരുവര്‍ഷത്തേക്ക് ഭക്ഷ്യധാന്യം നല്‍കുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. ദാരിദ്ര്യ രേഖക്ക് താഴെയുള്ള പിങ്ക്, മഞ്ഞ കാര്‍ഡുകള്‍ക്ക് നിലവില്‍ പ്രധാന്‍ മന്ത്രി കല്യാണ്‍ യോജന (പി.എം.ജി.കെ.വൈ) പദ്ധതി പ്രകാരം രണ്ടു വര്‍ഷമായി 5 കിലോ അരി സൗജന്യമായി നല്‍കിയിരുന്നു. ഇത് ഡിസംബര്‍ 31 കഴിഞ്ഞാല്‍ വിതരണം ഉണ്ടാവില്ല. ഇതിന്റെ കൂടെ സാധാരണ റേഷനായി പിങ്ക് കാര്‍ഡിന് രണ്ട് രൂപ നിരക്കിലും മഞ്ഞ കാര്‍ഡിന് സൗജന്യമായും നേരത്തേ തന്നെ നല്‍കിയിരുന്ന അരിയാണ് ഒരു വര്‍ഷത്തേക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമപ്രകാരം 1.54 കോടി ജനങ്ങളാണ് സംസ്ഥാനത്ത് മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ 5,88,787 എ.എ.വൈ (മഞ്ഞ) കാര്‍ഡുകളും 35,07,295 പിങ്ക് കാര്‍ഡുകളുമാണ്. ഇവര്‍ക്കായി പ്രതിവര്‍ഷം 14.25 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് കേരളത്തിന് നല്‍കുന്നത്. എ.എ.വൈ (മഞ്ഞ കാര്‍ഡിന്) 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ലഭിക്കുന്നത്. അരിക്ക് കിലോ മൂന്ന് രൂപയും ഗോതമ്പ് കിലോ രണ്ട് രൂപ നിരക്കിലുമാണ് കേന്ദ്രം കേരളത്തില്‍നിന്ന് ഈടാക്കിയിരുന്നത്. ഇതാണ് ഇപ്പോള്‍ സൗജന്യമാക്കിയത്. എന്നാല്‍ 2016 മുതല്‍ മഞ്ഞകാര്‍ഡുകാര്‍ക്ക് സൗജന്യമായാണ് കേരളം ഭക്ഷ്യധാന്യം വിതരണം ചെയ്തത്.
പക്ഷേ റേഷന്‍ വ്യാപാരികള്‍ക്കുള്ള കമീഷനും വാതില്‍പ്പടി വിതരണത്തിലെ മറ്റ് ചെലവുകളും കണ്ടെത്താന്‍ മാര്‍ഗമില്ലാതായതോടെ മുന്‍ഗണന കാര്‍ഡിലെ ഓരോ അംഗത്തില്‍ നിന്നും ഓരോ കിലോക്കും രണ്ടുരൂപ വീതം സര്‍ക്കാര്‍ ഈടാക്കി. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ പ്രഖ്യാപനം കേരളത്തെ സംബന്ധിച്ചിടത്തോളം പ്രഹരമായി മാറുകയാണ്. പിങ്ക് കാര്‍ഡിലെ ഒരു അംഗത്തിന് പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം 5 കിലോ സൗജന്യ അരിയും രണ്ട് രൂപ നിരക്കില്‍ 4 കിലോ അരിയും നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. ജനുവരി ഒന്നു മുതല്‍ പി.എം.ജി.വൈ വകയുള്ള 5 കിലോ ലഭിക്കില്ല. സാദാ കിട്ടുന്ന 4 കിലോക്ക് 8 രൂപ നല്‍കേണ്ടതില്ല എന്നതാണ് പുതിയ പ്രതിഭാസം. അതായത് 8 രൂപക്ക് 9 കിലോ ലഭിച്ചിരുന്നത് ഇനി കേവലം 4 കിലോ അരി മാത്രം സൗജന്യമായി ലഭിക്കും എന്നതാണ് സംജാതമാവുന്നത്.
പ്രഖ്യാപനം കേട്ടാല്‍ ആശ്ചര്യമാവുന്നതിന്റെ ഉള്ളിലെ കഥ റേഷന്‍ വ്യാപാരി സംഘടനകള്‍ വ്യക്തമാക്കുന്നുണ്ട്. കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം നഷ്ടമാകുന്നതോടെ അരിക്ക് വിലക്കയറ്റം രുക്ഷമാകാനും കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനും ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.