റസാഖ് ആദൃശ്ശേരി
തിരുവനന്തപുരം കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തില്‍ 295 ജീവനക്കാരുടെ നിയമനത്തിന് ലിസ്റ്റ് അയക്കാന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ചതെന്ന് പറയപ്പെടുന്ന കത്ത് സംബന്ധിച്ചാണ് പുതിയ വിവാദം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും മേയറും നിഷേധിച്ചിട്ടുണ്ടെങ്കിലും ഒരു കാര്യം വ്യക്തമാണ്. കോര്‍പറേഷനില്‍ ധാരാളം ഒഴിവുണ്ടെന്നും അത് നികത്താന്‍ പാര്‍ട്ടി തലത്തില്‍ ശ്രമമുണ്ടെന്നുമുള്ള കാര്യം. ‘എവിടെ എന്റെ ജോലി’ (വേര്‍ ഈസ് മൈ ജോബ്) എന്നു ചോദിച്ചു കൊണ്ട് ഡി. വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പാര്‍ലമെന്റിനു മുമ്പില്‍ മേയര്‍ ആര്യാരാജേന്ദ്രന്‍ അടക്കം പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് അരങ്ങേറിയതും ഈ സമയത്ത് തന്നെയാണ്. തനിക്ക് അധികാരമുള്ളിടത്ത് ഒഴിവുള്ള പോസ്റ്റുകളില്‍ വഴിവിട്ട വഴികളിലൂടെ നിയമനം നടത്താന്‍ വേണ്ടതെല്ലാം ചെയ്തു വെച്ചിട്ടാണ് മേയര്‍ ഡല്‍ഹിയിലേക്ക് വണ്ടി കയറിയതെന്നു വ്യക്തം.
കേരളത്തിലെ സര്‍വകലാശാലകളിലും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇടതുമുന്നണി സര്‍ക്കാര്‍ പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കുമായി നടത്തുന്ന അധാര്‍മിക നിയമനങ്ങള്‍ സര്‍വ സീമകളും ലംഘിച്ചു തകര്‍ന്നാടുകയാണ്. സര്‍വകലാശാലകളില്‍ ഉയര്‍ന്ന അധ്യാപകഅനധ്യാപക പദവികളിലേക്ക് സി.പി. എം നിര്‍ദ്ദേശിക്കുന്ന അയോഗ്യര്‍ പിന്‍വാതിലിലൂടെ കടന്നുകൂടുന്നു. സ്വജനപക്ഷപാതം അരങ്ങ് തകര്‍ക്കുന്നു. ആര്യാരാജേന്ദ്രന്‍ മാത്രമല്ല മുഖ്യമന്ത്രിയും ഈ വഴിക്ക് തന്നെയാണ് സഞ്ചരിക്കുന്നത്. എന്റെ ജില്ലയിലെ ആളെ കണ്ണൂര്‍ സര്‍വകലാശാല വി.സിയായി നിയമിക്കണമെന്നു ഗവര്‍ണറോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. നിയമനങ്ങള്‍ക്കുള്ള യോഗ്യതകള്‍ യഥേഷ്ടം ഭേദഗതി ചെയ്യപ്പെടുന്നതും പതിവായിരിക്കുന്നു.
ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ തുടങ്ങിയവര്‍ സമാരംഭം കുറിച്ച ഈ ഏര്‍പ്പാട് യാതൊരു മടിയുമില്ലാതെ ഇന്നും തുടരുന്നു. നിയമനങ്ങളില്‍ പാലിക്കേണ്ട എല്ലാ നിയമങ്ങളെയും ചട്ടങ്ങളെയും നഗ്‌നമായി കാറ്റില്‍ പറത്തികൊണ്ടുള്ള അഴിമതി നിര്‍ഭരമായ കുത്സിത രാഷ്ട്രീയ നീക്കങ്ങള്‍ ഈ നിയമനങ്ങളിലെല്ലാം തെളിഞ്ഞു കാണാം. കുടില തന്ത്രങ്ങളോടെ കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ ദേശീയ തലത്തില്‍ വ്യവസ്ഥകളെ കാറ്റില്‍പറത്തുമ്പോള്‍, അതിന്റെ മറപിടിച്ചു സംസ്ഥാനത്തും ദുഷ്‌ചെയ്തികള്‍ നിര്‍ലജ്ജം പിണറായി സംഘം നടത്തുകയാണ്. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത്‌വരെ സി.പി.എം താല്‍പര്യങ്ങള്‍ക്കനുസരിച്ചാണെന്നു ഈയിടെയുണ്ടായ വിവാദങ്ങളിലൂടെ ബോധ്യപ്പെട്ടു. പാര്‍ട്ടിക്ക് റാന്‍ മൂളുന്ന വി.സിമാരെ ഉപയോഗിച്ചു സി.പി.എം നേതാക്കളുടെ ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും നിയമനം നല്‍കിയതിന്റെ എത്രയോ ഉദാഹരണങ്ങള്‍ ഈയിടെ പുറത്തുവന്നു.
യഥാര്‍ത്ഥത്തില്‍, തൊഴില്‍ ഇല്ലാതെ അലയുന്ന കേരളത്തിലെ യുവതക്ക് ജോലി നല്‍കേണ്ട ഉത്തരവാദിത്തം പിണറായി സര്‍ക്കാരിനില്ലെ? സര്‍ക്കാര്‍ ജോലി സ്വപ്‌നം കണ്ട്, വര്‍ഷങ്ങള്‍ നീണ്ട പഠനത്തിലൂടെ, പി.എസ്.സി പരീക്ഷ എഴുതി പാസ്സായിട്ടും അവരെ പരിഗണിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്? സി.പി.എമ്മിനു വേണ്ടി തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നതാണോ ജോലിക്ക് മാനദണ്ഡമാ വേണ്ടത്? സി.പി.എം നേതാക്കളുടെ ബന്ധുവായി ജനിക്കണമെന്നതാണോ അതിനുള്ള യോഗ്യതയാവേണ്ടത്? കാസര്‍ക്കോട് പെരിയ കേല്യാട്ടെ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കൊലയാളികളുടെ ഭാര്യമാര്‍ക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയ കാര്യം ഓര്‍ക്കുക.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയത്തിന്റെ കണക്ക്പ്രകാരം 2022 ജനുവരി മാര്‍ച്ച് മാസങ്ങളില്‍ തൊഴിലില്ലായ്മ പട്ടികയില്‍ കേരളം മൂന്നാമതാണ് (13.2 ശതമാനം). സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കില്‍ കേരളമാണ് ഒന്നാം സ്ഥാനത്ത് (19.1 ശതമാനം). പിണറായി സര്‍ക്കാരിന്റെ കാലത്ത് തൊഴിലില്ലായ്മ വര്‍ധിക്കുകയാണെന്നര്‍ത്ഥം. ഇടതുപക്ഷ യുവജന സംഘടനകള്‍ എന്തുകൊണ്ടാണ് സമരരംഗത്തിറങ്ങാത്തത്? മനുഷ്യചങ്ങലകള്‍ തീര്‍ത്തിരുന്ന ഡി.വൈ.എഫ്.ഐ മാളത്തില്‍ ഒളിച്ചിരിക്കുകയാണല്ലോ. യജമാനന്മാര്‍ക്കെതിരെ രംശത്തിറങ്ങാന്‍ അവര്‍ക്ക് ശക്തിയില്ലാതായിരിക്കുന്നു. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിനുമുന്നില്‍ ഒരു പദ്ധതിയുമില്ല. തദ്ദേശ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങളിലും ഉണ്ടാവുന്ന ഒഴിവുകള്‍ യഥാസമയം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നുമില്ല. തന്‍മൂലം നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും പാര്‍ട്ടി ക്രിമിനലുകള്‍ക്കും വേണ്ടി, അവരെ തീറ്റി പോറ്റാന്‍ മാത്രം, സ്വജനപക്ഷപാതം കൈമുതലാക്കിയ ഭരണമായി പിണറായി വിജയന്റെ തുടര്‍ ഭരണം മാറിയിരിക്കുന്നു. പാര്‍ട്ടിക്ക് വേണ്ടി ചുമരെഴുതുകയും പോസ്റ്റര്‍ ഒട്ടിക്കുകയും സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടി നേതാക്കളുടെ ഏത് വൃത്തികേടുകളെയും ന്യായീകരിക്കുകയും ചെയ്യുന്ന സഖാക്കള്‍ എല്ലാരംഗത്തും തഴയപ്പെടുകയും ചെയ്യുന്നു.
സി.പി.എം സമാന്തര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളായി മാറിയിരിക്കുന്നു എന്നതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ വിശേഷം. ജില്ലാ സെക്രട്ടറിമാരാണ് നിയമനാധികാരികള്‍. തിരുവനന്തപുരം നഗരസഭയിലെ ഒഴിവുകള്‍ നികത്താനാവശ്യപ്പെട്ടു മേയര്‍ പാര്‍ട്ടി സെക്രട്ടറിക്ക് എഴുതിയ കത്തിനുപുറമെ, എസ്.എ.ടി ആശുപത്രിയിലെ ഒന്‍പത് നിയമനങ്ങള്‍ക്കായി പട്ടിക ആവശ്യപ്പെട്ടു നഗരസഭയിലെ സി.പി.എം പാര്‍ലമെന്ററി സെക്രട്ടറി ഡി. ആര്‍ അനില്‍ എഴുതിയ കത്തും പുറത്ത് വന്നിരിക്കുന്നു. ഇതെല്ലാം മുന്‍കാലങ്ങളിലും പതിവുള്ളത് തന്നെയാണെന്നു മുന്‍ മേയറും വ്യക്തമാക്കിയിരിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക മന്ത്രി എ.കെ ബാലന് ചലചിത്ര അക്കാദമിയില്‍ താല്‍ക്കാലിക നിയമനം നേടിയ നാല് പേരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു ഔേദ്യാഗിക ലെറ്റര്‍പാഡില്‍ കത്ത് അയച്ചിരുന്നു. അവരെ സ്ഥിരപ്പെടുത്തിയാല്‍ അത് ചലചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താന്‍ സഹായകരമായിരിക്കുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആ കത്ത് നിയമസഭയുടെ മേശപ്പുറത്ത് വെക്കുകയും ചെയ്തു. ഇതു പോലെയുള്ള എത്രയോ നിയമനങ്ങള്‍ ജില്ലാ സെക്രട്ടറിമാര്‍ മുതല്‍ ലോക്കല്‍ സെക്രട്ടറിമാര്‍ വരെ തദ്ദേശ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അര്‍ധ സ്ഥാപനങ്ങളിലും നടത്തികൊണ്ടിരിക്കുന്നു. ആദ്യം നിയമനം താല്‍ക്കാലികമായിരിക്കും. ക്രമേണ അത് സ്ഥിര നിയമനമാക്കിമാറ്റും. സി.പി.എമ്മും ഡി.വൈ. എഫ്.ഐയും യുവജനങ്ങളെ ‘തൊഴിലെവിടെ സര്‍ക്കാരേ’ എന്നു ചോദിച്ചുകൊണ്ടു സമരത്തിനായി ഇറക്കിവിടും. യുവജനങ്ങളോടു എന്തെങ്കിലും ബാധ്യത നിര്‍വഹിക്കാന്‍ ഈ സര്‍ക്കാരിനു സാധിച്ചിട്ടുണ്ടോ? പകരം അവര്‍ക്ക് തൊഴില്‍ മേഖലയില്‍ കൂടുതല്‍ പ്രയാസങ്ങള്‍ ഉണ്ടാക്കുകയല്ലെ സര്‍ക്കാര്‍ ചെയ്യുന്നത്!
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം 60 ആക്കാനുള്ള തീരുമാനം വന്നത്. തൊഴില്‍ രഹിതരോടുള്ള വെല്ലുവിളിയായിരുന്നില്ലെ അത്? പ്രതിപക്ഷ യുവജന സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചപ്പോള്‍ മുഖ്യമന്ത്രി പിന്തിരിഞ്ഞു. താനും മന്ത്രിമാരും പാര്‍ട്ടിയും അറിഞ്ഞിട്ടില്ലെന്നു പറഞ്ഞു. പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ തീരുമാനമെടുത്തതോ മന്ത്രിസഭയും. എന്നിട്ടാണ് അറിയില്ലെന്നു മുഖ്യമന്ത്രിയും സി. പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രസ്താവനയിറക്കിയത്. ആരെയാണ് ഇവര്‍ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നത്? സ്വകാര്യത്തില്‍ നടത്താല്‍ നോക്കിയ കാര്യം പുറത്തായപ്പോള്‍ അത് ഉദേ്യാഗസ്ഥന്മാരുടെ തലയില്‍ കെട്ടിവെച്ചു തടിയൂരാന്‍ നടത്തിയ പൊറാട്ടു നാടകം മാത്രമായിരുന്നു അത്.