X

സ്‌കൂള്‍ യൂണിഫോം ധരിക്കാത്തതിന് വഴക്കു പറഞ്ഞു; പ്രിന്‍സിപ്പലിനെതിരെ ചുമത്തിയ കേസ് റദ്ദാക്കി ഹൈക്കോടതി

സ്‌കൂള്‍ യൂണിഫോം ധരിക്കാത്തതിന് വിദ്യാര്‍ത്ഥിനിയെ വഴക്കു പറഞ്ഞ് വീട്ടിലെക്ക് തിരിച്ചയച്ച പ്രിന്‍സിപ്പലിനെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി. സ്‌കൂളിന്റെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോം ധരിക്കണമെന്ന് പറഞ്ഞതെന്നും പ്രിന്‍സിപ്പലിനെതിരെ ചുമത്തിയ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75 ാം വകുപ്പ് നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ പറഞ്ഞു.

2020ലാണ് തൃശൂരിലെ സ്‌കൂളില്‍ കേസിനാസ്പദമായ സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി പരീക്ഷാഫലം അറിയുന്നതിനും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍ വാങ്ങാനും സ്‌കൂളിലെത്തിയിരുന്നു. എന്നാല്‍ യൂണിഫോം ധരിക്കാത്തതിനെ കുറിച്ച് പ്രിന്‍സിപ്പല്‍ ചോദിക്കുകയും തുടര്‍ന്ന് യൂണിഫോം ധരിച്ച് വരാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനിയെ തിരിച്ച് അയക്കുകയും ചെയ്തുവെന്നാണ് പരാതി. പ്രിന്‍സിപ്പലിന്റെ പെരുമാറ്റം വിദ്യാര്‍ത്ഥിനിക്ക് വിഷമമുണ്ടാക്കിയെന്നും പരാതിയിലുണ്ട്.

പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ മാതാവ് അതേ സ്‌കൂളിലെ അധ്യാപികയായിരുന്നു. എന്നാല്‍ പരീക്ഷാ നടത്തിപ്പ് ചുമതലയില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ഈ അധ്യാപികക്ക് പ്രിന്‍സിപ്പല്‍ മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്നാണ് യൂണിഫോം ധരിക്കാത്തതിന് തിരികെ അയച്ചതില്‍ പരാതി ഉയര്‍ന്നതെന്നും പ്രിന്‍സിപ്പല്‍ കോടതിയില്‍ വാദിച്ചു. കേസ് ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നും പ്രിന്‍സിപ്പല്‍ വാദിച്ചു.

 

webdesk17: