പ്രസവശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജി്‌ട്രേറ്റ് കോടതിയില്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും പ്രതികള്‍ ആയാണ് കുറ്റപത്രം. 40 രേഖകളും, 60 സാക്ഷിമൊഴികളുമുള്‍പ്പെടെ 750 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.
40 രേഖകളും 60 സാക്ഷികളും കുറ്റപത്രത്തില്‍ ഉണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസര്‍ തളിപ്പറമ്പ് സൗപര്‍ണികയില്‍ ഡോ. സി.കെ.രമേശന്‍ (42), സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം.ഷഹന (32), മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സുമാരായ പെരുമണ്ണ പാലത്തുംകുഴി എം.രഹന (33), ദേവഗിരി കളപ്പുരയില്‍ കെ.ജി.മഞ്ജു (43) എന്നിവരാണ് പ്രതികള്‍.
ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍ നിന്നാണെന്ന് തെളിഞ്ഞതായി എസിപി കെ.സുദര്‍ശന്‍ പറഞ്ഞു. ഇത് തെളിയിക്കുന്ന രേഖകളും ശാസ്ത്രീയ തെളിവുകളും ലഭിച്ചുവെന്നും എസിപി കൂട്ടിച്ചേര്‍ത്തു.