ഭോപ്പാല്‍: ബി.ജെ.പിയിലെത്തിയിട്ടും കോണ്‍ഗ്രസ് ചിഹ്നം ‘കൈപ്പത്തി’ വിടാതെ ജ്യോതിരാദിത്യ സിന്ധ്യ. ബി.ജെ.പി റാലിക്കിടെ അദ്ദേഹത്തിനുണ്ടായ നാക്കുപിഴ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നാണ് സിന്ധ്യ അബദ്ധത്തില്‍ പറഞ്ഞത്.
നവംബര്‍ 3ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ദാബ്രയില്‍ നടന്ന ബിജെപി പ്രചാരണത്തിനിടെയാണ് സംഭവം. റാലിയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ‘കൈപ്പത്തി ചിഹ്നനമുള്ള ബട്ടണ്‍ അമര്‍ത്തി കോണ്‍ഗ്ര’ എന്ന് പറഞ്ഞപ്പോഴേക്കും അദ്ദേഹം തിരുത്തി.സിന്ധ്യ അനുകൂലികള്‍ രാജിവെച്ച ഒഴിവിലേക്കടക്കം 28 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് തന്നെ നായയെന്ന് വിളിച്ചുവെന്ന ആരോപണവുമായി കഴിഞ്ഞദിവസം സിന്ധ്യ രംഗത്ത് എത്തിയിരുന്നു. അതേസമയം, സിന്ധ്യയുടെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ ഇക്കാര്യം നിഷേധിച്ച് കമല്‍നാഥും രംഗത്തെത്തിയിരുന്നു. കമല്‍നാഥിന്റെ വക്താവാണ് പ്രസ്താവന നിഷേധിച്ച് രംഗത്തെത്തിയത്.