ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് സചിന്‍ പൈലറ്റുമായി കൂടിക്കാഴ്ച നടത്തിയെന്ന് ബിജെപി എംപി ജ്യോതിരാദിത്യ സിന്ധ്യയുടെ വെളിപ്പെടുത്തല്‍. ഗ്വാളിയോറില്‍ വച്ചായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹത്തെ മധ്യപ്രദേശിലേക്ക് സ്വാഗതം ചെയ്തതായും സിന്ധ്യ പറഞ്ഞു.
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് കൂടുമാറിയ സിന്ധ്യയും കോണ്‍ഗ്രസുമായി ഒരുഘട്ടത്തില്‍ ഇടഞ്ഞു നിന്നു തിരിച്ചുവന്ന സചിന്‍ പൈലറ്റും തമ്മിലുള്ള കൂടിക്കാഴ്ച കൗതുകത്തോടെയാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നോക്കിക്കാണുന്നത്.
എന്നാല്‍ ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള പ്രചാരണത്തിനായാണ് പൈലറ്റ് ഇവിടെയെത്തിയത്. ഗ്വാളിയോര്‍, ശിവ്പുരി, ഭിന്ദ്, മൊറേന ജില്ലകളിലാണ് പൈലറ്റ് രണ്ടു ദിവസങ്ങളിലായി പ്രചാരണത്തിനെത്തുന്നത്.
‘ഞാന്‍ അദ്ദേഹത്തെ ഗ്വാളിയോറില്‍ കണ്ട് സ്വാഗതം ചെയ്തു’ -എന്നാല്‍ മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട സിന്ധ്യ ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞത്. എല്ലാവരെയും സ്വാഗതം ചെയ്യുന്ന പാരമ്പര്യമാണ് മധ്യപ്രദേശിനുള്ളത്. പൈലറ്റിനും സ്വാഗതം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൈലറ്റിന്റെ പ്രചാരണം ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും തരത്തില്‍ പ്രതിഫലിക്കുമോ എന്ന ചോദ്യത്തിന് ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും പ്രചാരണം നടത്താനുള്ള അവകാശമുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നവംബര്‍ മൂന്നിനാണ് സംസ്ഥാനത്തെ 28 മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 25 സീറ്റും കോണ്‍ഗ്രസില്‍ നിന്ന് ജയിച്ച് സിന്ധ്യയ്‌ക്കൊപ്പം ബിജെപിയിലേക്ക് ചേക്കേറിയവരുടേതാണ്.
ജൂലൈയിലാണ് രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാറിനെതിരെ സചിന്‍ പൈലറ്റും 18 എംഎല്‍എമാരും വിമതനീക്കം നടത്തിയിരുന്നത്. ഒരു മാസത്തോളം നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ പ്രതിസന്ധി അവസാനിക്കുകയായിരുന്നു. ഇക്കാലത്ത് പൈലറ്റ് ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും കോണ്‍ഗ്രസ് വിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.