ശാസ്ത്രബോധത്തിനും യുക്തിചിന്തയ്ക്കുമെതിരെ മോദി ഭരണത്തില്‍ തുടര്‍ച്ചയായി കടന്നാക്രമണം നടക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. പുനഃസംഘടിപ്പിച്ച ശാസ്ത്രവേദിയുടെ പ്രവര്‍ത്തന ഉദ്ഘാടനം കെപിസിസി ആസ്ഥാനത്ത് നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര സ്ഥാപനങ്ങളില്‍ മത സംസ്‌കാരം വലിയ തോതില്‍ വളര്‍ത്താനുള്ള ശ്രമമാണ് മോദി ഭരണകൂടം നടത്തുന്നത്. ശാസ്ത്ര വികാസത്തിനാവശ്യമായ നടപടികളില്‍ നിന്നുള്ള തിരിച്ചു പോക്കുകളാണ് വര്‍ത്തമാനകാല ഇന്ത്യയില്‍ സംഭവിക്കുന്നത്. ശാസ്ത്ര ചിന്തകളെയും യുക്തിബോധത്തെയും നിരാകരിക്കുകയും അസത്യങ്ങളെ സത്യങ്ങളെന്ന നിലയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നും കപട ശാസ്ത്ര ഗവേഷണത്തിനാണ് മോദി ഭരണകൂടം പ്രാധാന്യം നല്‍കുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു.
ശാസ്ത്രാവബോധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥാ മാറ്റം, പ്രകൃതി സംരക്ഷണവും ദുരന്തങ്ങളും, കടലാക്രമണം, മാലിന്യ പരിപാലനം, നിര്‍മിത ബുദ്ധി തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തണം. നവ മാധ്യമങ്ങളും നവ സാങ്കേതിക വിദ്യകളും വലിയ തോതില്‍ ഇതിനായി പ്രയോജനപ്പെടുത്താന്‍ കഴിയണം.വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്ര കാര്യങ്ങള്‍ ഗ്രഹിക്കാനും ചെറുപഠനങ്ങളും ലഘു പരീക്ഷണങ്ങളും നടത്താനും വിദ്യാര്‍ത്ഥികളെയും സാധാരണക്കാരെയും സഹായിക്കുന്ന ”ശാസ്ത്ര ശാലകള്‍” നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും രൂപം നല്‍കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഇടിഞ്ഞതുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രഗവേഷണത്തിനുള്ള സാധ്യത വലിയ തോതില്‍ പരിമിതപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര രംഗത്തെ വളര്‍ച്ചയും മാറ്റവും അറിയാനും പഠിക്കാനും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ സമഗ്രവും ആവശ്യമെങ്കില്‍ തത്വശാസ്ത്രപരമായ പുനഃക്രമീകരണം നടത്തുന്നതിന് ശാസ്ത്ര വേദി ഇടപെടലുകള്‍ നടത്തണം. ഇന്ത്യയുടെ ശാസ്ത്ര പുരോഗതിക്ക് അടിത്തറ പാകിയത് മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യത്തോടെയുള്ള തീരുമാനങ്ങളും നടപടികളുമാണെന്ന് കെ.സുധാകരന്‍ അഭിപ്രായപ്പെട്ടു.
അതേസമയം ശാസ്ത്രലോകത്തെ അറിവുകള്‍ നാടിന്‍റെ നന്മക്കായി വിനിയോഗിക്കപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ശാസ്ത്രവേദിയുടെ മാസികയായ സൈടെകിന്‍റെ ആദ്യലക്കം കെ.സുധാകരന്‍ എംപി വി.ഡി. സതീശന് നല്‍കി പ്രകാശനം ചെയ്തു. പുതിയ ലോഗോയുടേയും വെബ്‌സൈറ്റിന്‍റെയും പ്രകാശനവും കെ.സുധാകരന്‍ നിര്‍വഹിച്ചു. ശാസ്ത്രാവബോധം വളര്‍ത്തുന്ന പോസ്റ്ററുകളുടെ പ്രകാശനം വി.ഡി.സതീശന്‍ നിര്‍വഹിച്ചു.
ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ്, കോവിഡ് മാനേജ്‌മെന്‍റ്, വീണ്ടു ചില ശാസ്ത്ര കാര്യങ്ങള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. ശാസ്ത്രവേദിയുടെ സംസ്ഥാന പ്രസിഡന്‍റ് പ്രൊ. അച്യുത്ശങ്കര്‍ എസ്. നായര്‍ അധ്യക്ഷത വഹിച്ചു. ഡോ. ശശി തരൂര്‍ എംപി, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ചെയര്‍മാന്‍ ഉമ്മന്‍ വി ഉമ്മന്‍, മുന്‍ വിസി പൂഞ്ചറവിള ഐസക് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.വിമലന്‍ സ്വാഗതവും ട്രഷറര്‍ പ്രഫുലചന്ദ്രന്‍ നന്ദിയും പറഞ്ഞു.