X
    Categories: keralaNews

കേള്‍വിശേഷി പരിമിതര്‍ക്ക് പ്രതീക്ഷയായി ആയിഷ ലിയയും റോഷന്‍ ജോസഫും

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: സ്വന്തം ക്ലാസിലെ 30 ശതമാനത്തോളംവരുന്ന സഹപാഠികളുടെ കേള്‍വി-സംസാര ശേഷി പരിമിതികള്‍ക്ക് പരിഹാരം കണ്ടെത്തിയതിന്റെ ചാരിതാര്‍ഥ്യത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് റഹ്മാനിയ വിഎച്ച്എസ്എസിലെ ആയിഷ ലിയയും റോഷന്‍ ജോസഫും.

ഇരുവരുംചേര്‍ന്ന് നിര്‍മിച്ച സൈന്‍ ലാംഗ്വേജ് ട്രാന്‍സ്‌ലേറ്റര്‍ സംസ്ഥാന വൊക്കേഷണല്‍ എക്‌സ്‌പോയില്‍ മൂന്നാം സ്ഥാനവും മികച്ച അവതരണത്തിനുള്ള ഒന്നാം സ്ഥാനവും നേടി. സ്‌കൂളിലെ ജെഎസ്ഡി ട്രേഡ് വിദ്യാര്‍ഥികളാണ് ഇരുവരും. പൈതോണ്‍ ലാംഗ്വേജിലെ മെഷീന്‍ലേണിങ് ഉപയോഗിച്ചാണ് ആംഗ്യ ഭാഷ പരിഭാഷണത്തിനായുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചത്. ഒരുരൂപപോലും ചെലവ് വന്നില്ല. കാമറക്ക് മുന്നില്‍ കൈ കൊണ്ട് ആംഗ്യ ഭാഷ കാണിക്കുന്നതോടെ സ്‌ക്രീനില്‍ അതിന്റെ ഇംഗ്ലീഷ് പരിഭാഷ തെളിഞ്ഞു കാണിക്കും. ഈ ഒരു സോഫ്റ്റ്‌വെയറിലൂടെ സംസാര ശേഷി ഇല്ലാത്തവര്‍ക്ക് മറ്റുള്ളവരുമായിട്ട് സംവദിക്കാന്‍ സഹായകരമാവുമെന്ന് ഇരുവരും പറയുന്നു. നിലവില്‍ അക്ഷരങ്ങള്‍ മാത്രമാണ് പരിഭാഷപ്പെടുത്തുക. വൈകാതെ വാക്കുകളും ഉള്‍പ്പെടുത്തി സംവിധാനം കൂടുതല്‍ വിപുലീകരിക്കും.

സൈന്‍ ലാംഗ്വേജ് ട്രാന്‍സ്‌ലേറ്ററിന് പുറമെ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി) ഉപയോഗിച്ച് നിര്‍മിച്ച ഓട്ടോമാറ്റിക് കാര്‍ പാര്‍ക്കിങ് സിസ്റ്റവും, സ്മാര്‍ട്ട് ട്രാഫിക് സിഗ്നല്‍ സംവിധാനവും വിദ്യാര്‍ഥികളുടെ മികവ് എടുത്തുകാട്ടി. യാത്രയ്ക്ക് മുമ്പ് തന്നെ വീട്ടിലിരുന്നോ മറ്റോ പോവേണ്ട സ്ഥലത്തെ പാര്‍ക്കിങ് സ്ലോട്ട് ലഭ്യത അറിയാമെന്നാണ് ഓട്ടോമാറ്റിക് കാര്‍ പാര്‍ക്കിങ് സിസ്റ്റത്തിന്റെ പ്രത്യേകത. വിദ്യാര്‍ഥികള്‍ നിര്‍മിച്ച വെബ്‌സൈറ്റില്‍ കയറിയാല്‍, പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് എത്ര പാര്‍ക്കിങ് സ്ലോട്ടുകള്‍ ഉണ്ടെന്ന് അറിയാനാവും. മുന്‍കൂട്ടി ബുക്ക് ചെയ്യാനും സാധിക്കും. അര്‍ഡുനോയും, റാസ്പ്ബറി പൈയും ഉപയോഗിച്ചാണ് സ്മാര്‍ട്ട് ട്രാഫിക് സിഗ്നല്‍ നിര്‍മിച്ചത്. വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് സമയ ക്രമീകരണം നടത്താന്‍ ഈ സംവിധാനത്തിലൂടെ കഴിയും. പ്രത്യേക കണ്‍ട്രോളര്‍ വഴി ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെ സാനിധ്യം മനസിലാക്കി ഗ്രീന്‍ സിഗ്നല്‍ നല്‍കി ഈ വാഹനങ്ങളെ അതിവേഗം കടത്തിവിടാനും ഇതുവഴി സാധിക്കും.

 

 

Chandrika Web: