X

ഒന്‍പത് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്ത് കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, കാസര്‍കോട്, എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അതാത് ജില്ലകളിലെ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ഇന്ന് റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലാണ് നാളെ അവധി.

അംഗനവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി ബാധകമാണ്. കാസര്‍കോടും കണ്ണൂരും നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

സംസ്ഥാനത്ത് അടുത്ത 48 മണിക്കൂര്‍ നേരം മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

webdesk13: