അഹമ്മദ്കുട്ടി കാടാമ്പുഴ
കാലത്ത് ആറരക്കു ഭാരംനിറച്ച ബാഗും ചുമന്ന് ട്യൂഷനു പുറപ്പെടുന്ന കുട്ടി, സ്‌കൂള്‍ വിട്ട് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ വൈകുന്നേരം അഞ്ചു മണി കഴിഞ്ഞിരിക്കും. പിന്നെ സ്‌കൂളും ട്യൂഷനും നല്‍കിയ വര്‍ക്കുകളുമായി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണ്. ആഴ്ചയില്‍ ഏഴു ദിവസത്തെ തനിയാവര്‍ത്തനവും ആഴ്ചകളിലൂടെ ആവര്‍ത്തനത്തിന്റെ മാസങ്ങളിലൂടെയുള്ള മുഷിപ്പന്‍ യാത്രയുമാണിത്. അവധി ദിവസങ്ങളില്‍ ട്യൂഷനുള്ളതുകൊണ്ട്, ആഴ്ചയില്‍ ഏഴു ദിവസവും കുട്ടി പാഠപുസ്തകങ്ങളും പഠനവുമായി മല്ലിടുകയാണ്. വിരലിലെണ്ണാവുന്ന അവധി മാത്രമാണ് കുട്ടിക്കു ലഭിക്കുന്നത്.
പാഠപുസ്തകത്തിലേക്കു മാത്രം കുമ്പിട്ടു കുറിപ്പുകള്‍ തയാറാക്കിക്കൊണ്ടിരിക്കുന്ന കുട്ടിക്ക്, പരിസരവും പ്രകൃതിയുടെ സ്പന്ദനങ്ങളും സമൂഹ സമ്പര്‍ക്ക സാധ്യതകളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. വിനോദത്തിലേര്‍പ്പെടാനും സാമൂഹ്യബന്ധങ്ങള്‍ സ്ഥാപിക്കാനും ചിന്താശേഷി വികസിപ്പിച്ച് സര്‍ഗാത്മക കഴിവുകള്‍ വളര്‍ത്തിയെടുക്കാനുള്ള അവസരങ്ങളും നഷ്ടമാകുന്നു. കുട്ടിയുടെ നന്മയും ഭാവിയും മാത്രം ഉദ്ദേശിച്ചാണ് ഇതെല്ലാം ചെയ്യുന്നത് എന്ന രക്ഷിതാക്കളുടെ സാക്ഷ്യം എത്രത്തോളം അപകടകരവും വേദനാജനകവുമാണെന്ന് അവരിനിയും തിരിച്ചറിയതെ പോകുന്നു. മത്സരത്തിന്റെയും കച്ചവട താത്പര്യങ്ങളുടെയും ഇരകളാണ് കുട്ടികളിന്ന്. മുസ്‌ലിം വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ മദ്രസാപഠനത്തിനു ശേഷമാണ് ട്യൂഷന്‍ ക്ലാസിലേക്കും പിന്നീട് സ്‌കൂളിലേക്കും ഓടിക്കൊണ്ടിരിക്കുന്നത്. സ്‌കൂള്‍ വിട്ടാല്‍ കുട്ടിയും കോലും കളിക്കാന്‍ പാടത്തേക്കുള്ള ഓട്ടം നിലച്ചു. കൂകിവിളിച്ചു കൂട്ടുകാരെയും കൂട്ടി പറമ്പിലേക്കുള്ള പന്തുകളിക്കാനുള്ള കുട്ടികളുടെ ഓട്ടവും ഓര്‍മകള്‍ മാത്രമായി മാറി.
ട്യൂഷന്‍ ക്ലാസിലെ മിടുക്കരായ അധ്യാപകരുടെ ശിക്ഷണ രീതിയെ അംഗീകരിക്കാത്ത സ്‌കൂള്‍ അധ്യാപകരുണ്ട്. ട്യൂഷന്‍ ക്ലാസിലെ ഫോര്‍മുലയുംകൊണ്ട് ഇങ്ങോട്ടു വരണ്ട എന്നുപറഞ്ഞ് അവര്‍ കുട്ടികള്‍ക്കുനേരെ കണ്ണുരുട്ടും. കഴിവല്ല, സര്‍ട്ടിഫിക്കറ്റു മാനദണ്ഡമാകുമ്പോള്‍ പഴി പലതും കേള്‍ക്കേണ്ടിവരും. പ്രത്യേക വിഷയത്തല്‍ ആഴത്തില്‍ അറിവു നേടിയ ശിക്ഷണ വിദഗ്ധനായ അധ്യാപകന്റെ വാര്‍ത്തെടുക്കല്‍ പ്രക്രിയയാണ് ട്യൂട്ടറിംഗ് അഥവാ അധ്യാപനം എന്ന തത്വം, എല്ലാ സ്ഥാപനങ്ങളും കര്‍ശനമായി ശ്രദ്ധിക്കുന്നുണ്ടോ എന്നതും ചോദ്യ ചിഹ്നമാണ്. നോട്‌സുകള്‍ തയാറാക്കാത്തതിനും വിഷയം പഠിച്ചുവരാത്തതിനും ട്യൂഷന്‍ ക്ലാസില്‍നിന്നും സ്‌കൂളില്‍നിന്നും വെവ്വേറെ ശകാരം, മാനസിക പീഢനം, ഇംപോസിഷന്‍, ചിലപ്പോള്‍ ശാരീരിക പീഢനവും. യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും തടവറയിലാണ്. കുട്ടികള്‍ക്ക് ആവശ്യമായ വിശ്രമ പോലും ലഭിക്കുന്നില്ല. സ്‌കൂളിലെ പരീക്ഷ, ട്യൂഷന്‍ ക്ലാസിലെ പരീക്ഷ, ക്ലാസ് ടെസ്റ്റുകള്‍ ഒരു ദിവസം മൂന്നു പരീക്ഷ വരെ എഴുതേണ്ടിവരുന്ന കുട്ടിയുടെ മാനസിക സംഘര്‍ഷം വിവരണാതീതമാണ്. ആഴ്ചകളോളം വീട്ടിലിരുന്നു പഠിക്കാന്‍ ലഭിച്ചിരുന്ന സ്റ്റഡി ലീവുകളെ സംബന്ധിച്ച് ഇന്നത്തെ തലമുറക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയില്ല.
പരീക്ഷാരീതി അനുസരിച്ച് വിദ്യാര്‍ത്ഥികളെ പ്രത്യേകം തയ്യാറാക്കി പഠിപ്പിക്കുന്നതിനാല്‍, പ്രൈവറ്റ് ട്യൂഷന്‍ വളരെ നല്ലതും ഉന്നതവിജയം കരസ്ഥമാക്കാന്‍ സഹായകരവുമാണെന്ന് ട്യൂഷനു പോകുന്ന വിദ്യാര്‍ത്ഥികള്‍ കരുതുന്നു. അതതു വിഷയങ്ങളിലെ ട്യൂഷന്‍ അധ്യാപകര്‍, പരീക്ഷ കേന്ദ്രീകരിച്ചു വരാവുന്ന ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും സംബന്ധിച്ച ക്ലാസു നല്‍കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്നവരാണെന്നാണ് അവരുടെ ധാരണ. ട്യൂഷനു പഠിപ്പിക്കുന്ന അധ്യാപകന്റെ ക്ലാസ് മോശമാണെന്നോ, വേണ്ടത്ര പോരെന്നോ കുട്ടികള്‍ പരാതി പറഞ്ഞാല്‍ ആ അധ്യാപകനു അധികം താമസിയാതെ ജോലി നഷ്ടപ്പെടും. അതുകൊണ്ട് തന്റെ ക്ലാസ് പരമാവധി നന്നാക്കുന്നതിനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് ക്ലാസെടുക്കാന്‍ അധിക ഊര്‍ജ്ജം ചെലവഴിക്കുന്നവരാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍.
തൊഴിലില്ലായ്മ രൂക്ഷമായ നാട്ടില്‍, ആയിരക്കണക്കിനു കുടുംബങ്ങളില്‍ അടുക്കളയില്‍ അരി വേവുന്നതില്‍ സ്വകാര്യ ട്യൂഷനു നിര്‍ണായക പങ്കുണ്ട്. മൂന്നും നാലും സെന്ററുകളില്‍ ഓടിനടന്ന്, പുലര്‍ച്ച മുതല്‍ രാത്രിവരെ (അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ) ക്ലാസെടുക്കുന്ന അധ്യാപകരുമുണ്ട്. സ്വകാര്യ ട്യൂഷന്റെ വ്യാപ്തിക്കും വളര്‍ച്ചക്കും സഹായകരമായ ഒട്ടനേകം കാരണങ്ങളുണ്ട്. കുട്ടികളും രക്ഷിതാക്കളും വിദ്യാഭ്യാസത്തിനു കല്‍പ്പിക്കുന്ന പ്രാധാന്യം, മത്സരബുദ്ധി, ട്യൂഷനു പഠിക്കുന്നത് അഭിമാനമായി കാണുന്ന സമൂഹത്തിന്റെ കാഴ്ചപ്പാട്, ട്യൂഷനു പോകാതിരുന്നാല്‍ മാര്‍ക്കു കുറഞ്ഞു പോകുമെന്ന ചിന്ത, ട്യൂഷന്‍ ക്ലാസുകളില്‍ വ്യക്തിഗത ശ്രദ്ധ ലഭിക്കുമെന്ന വിശ്വാസം. ഇങ്ങനെ പോകുന്നു കാരണങ്ങളുടെ പട്ടിക.
സ്‌കൂളില്‍ അധ്യാപകര്‍ പഠിപ്പിക്കുന്നത് വേണ്ടത്ര മനസ്സിലാകുന്നില്ല, കൂട്ടുകാരെല്ലാവരും ട്യൂഷനു പോകുന്നുണ്ട്, മാതാപിതാക്കളുടെ നിര്‍ബന്ധം, പരീക്ഷക്ക് കൂടുതല്‍ മാര്‍ക്കു നേടാന്‍ ട്യൂഷന്‍ അനിവാര്യമാണെന്ന ധാരണ ഇങ്ങനെയുള്ള നിരവധി കാരണങ്ങളാല്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെയും, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെയും കുട്ടികള്‍ ട്യൂഷനു പോകുന്നവരാണ്.
ഇന്ത്യയില്‍, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് എഡ്യൂക്കേഷണല്‍ പ്ലാനിംഗ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍, (എഡ്യൂക്കേഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം) ഉള്‍പ്പെടെ ട്യൂഷന്‍ രംഗത്തെ പ്രവണതകളെയും പ്രശ്‌നങ്ങളെയും പോസിറ്റീവ് വശങ്ങളെയും സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ട്. എന്നാല്‍, വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം, പഠനം ഓവര്‍ലോഡ് ആയി മാറുന്നതും അതുമായി ബന്ധപ്പെട്ട കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങളും പഠനത്തിലേക്കു മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കാനുള്ള അവസരങ്ങള്‍ നഷ്ടമാകുന്നതിനെ സംബന്ധിച്ചും സ്വന്തം ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ച് വിഷയം ഇല്ലാതെപോയതിനെ സംബന്ധിച്ചുമൊക്കെ ഇത്തരം പഠനങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടോ.