X

ഈ വര്‍ഷത്തെ സിലബസ് വെട്ടിച്ചുരുക്കില്ല; തല്‍കാലം ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും

ഈ വര്‍ഷത്തെ സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ല എന്ന് തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന കരിക്കുലം കമ്മിറ്റിയാണ് സിലബസ് വെട്ടിച്ചുരുക്കേണ്ട എന്ന തീരുമാനമെടുത്തത്. അടുത്ത വര്‍ഷത്തെ പഠന തുടര്‍ച്ചയെ ദോഷകരമായി ബാധിക്കും എന്നതിനാലാണ് നടപടി. തുടര്‍ പഠനകാര്യത്തില്‍ പലതരം നിര്‍ദേശങ്ങളാണ് പരിഗണനയിലുള്ളത്.

മെയ്, ജൂണ്‍ മാസങ്ങളിലെ അവധി ഒഴിവാക്കി ക്ലാസുകള്‍ നടത്താനാണ് തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ തീരുമാനം കൂടി അനുസരിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക. ജൂണ്‍ ജൂലൈ മാസത്തെ അദ്ധ്യയനം ഇതിനകം തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞു. ഓഗസ്റ്റില്‍ ക്ലാസ് തുറക്കുക അസാധ്യവുമാണ്.

എന്നാല്‍ തുടര്‍പഠനത്തിന്റെ കാര്യം എങ്ങനെയെന്നതില്‍ ഇപ്പോഴും അധികൃതര്‍ക്ക് ഒരു പിടിയില്ല. തല്‍ക്കാലം ഓണ്‍ലൈന്‍ പഠനം നടക്കട്ടെ എന്ന നിലപാടിലാണ് മുന്നോട്ടു പോവുന്നത്. അതേസമയം പഠനത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ എസ്ഇആര്‍ടി ഡയറക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സമതി രൂപീകരിച്ചു. ഡിസംബറോടെ സ്‌കൂളുകള്‍ തുറക്കാനാകുമെന്നാണ് പ്രതീക്ഷ.

അങ്ങനെ വന്നാല്‍ അദ്ധ്യയന വര്‍ഷം നഷ്ടമാകാത്ത രീതിയില്‍ ഏപ്രില്‍ മെയ് മാസങ്ങളിലെ അവധി ഒഴിവാക്കിയും ശനിയാഴ്ച ക്ലാസുകള്‍ വച്ചും ക്രമീകരണം നടത്താമെന്നാണ് ഒരു നിര്‍ദേശം. ലോക്ക് ഡൗണ്‍ സമയത്ത് അവധികള്‍ ലഭിച്ചതിനാല്‍ ഇനിയൊരു അവധി വേണ്ട എന്നും നിര്‍ദേശമുണ്ട്. അങ്ങനെ വന്നാല്‍ ജൂണില്‍ അന്തിമ പരീക്ഷ നടത്താം. എന്നാല്‍ ഇത്തരത്തിലുള്ള ബദല്‍ നിര്‍ദേശങ്ങള്‍ കേന്ദ്ര നിലപാടിന് അനുസരിച്ച് മാത്രമേ പ്രാവര്‍ത്തികമാവു. കേന്ദ്രം നിര്‍ദേശിക്കുന്നതിന് അനുസരിച്ചേ സ്‌കൂള്‍ തുറക്കാനാവു എന്നതിനാല്‍ അവ്യക്തതകള്‍ തുടരുകയാണ്.

 

web desk 1: