X
    Categories: MoreViews

കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ പരിസ്ഥിതിക്ക് ഭീഷണി; വിദ്യാര്‍ത്ഥികള്‍ കോടതിയില്‍

 

പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ പിടിച്ചിടുന്ന വാഹനങ്ങള്‍ പരിസ്ഥിതിക്കും ഭീഷണിയാകുന്നു. തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങള്‍ മൂലമുണ്ടാകുന്ന പൊതുനഷ്ടം ഇല്ലാതാക്കാന്‍ കുട്ടികള്‍ പൊതുതാല്‍പര്യ ഹരജി നല്‍കി.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ കേസുകളില്‍ പെട്ട് കെട്ടി ക്കിടക്കുന്ന വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നത് മൂലം പൊതുനഷ്ടം ഉണ്ടാകുന്നുവെന്ന സര്‍വേ പ്രകാരം കോടതി ഇടപെടണമെന്നു കാണിച്ച് പെരിങ്ങോം വയക്കര പഞ്ചായത്തിലെ തവിടിശേരി ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് കോടതിയിലെത്തിയത്. ഖജനാവിന് കോടികളുടെ നഷ്ടം സംഭവിക്കുന്ന ഇത്തരം അവസ്ഥ പരിഹരിക്കാന്‍ കോടതി ഇടപെടണമെന്നു കാണിച്ച് ഹൈക്കോടതിയിലാണ് പൊതുതാത്പര്യ ഹരജി നല്‍കിയത്. ഹൈക്കോടതി ഹരജി ഫയലില്‍ സ്വീകരിച്ചു. സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ഥിനികളായ ഇ. വിസ്മയ, കെ.പി അനുപ്രിയ, ആറാം തരം വിദ്യാര്‍ഥിനി സി.അനുശ്രീ, അഞ്ചാം തരത്തിലെ കെ.ജിനനാഥ്, എം.അഞ്ജലി എന്നിവരാണ് സര്‍വേ നടത്തി കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
വാഹന വ്യവഹാരങ്ങളില്‍ പെട്ട് ഒടുങ്ങുന്ന ധാതു സമ്പത്ത് എന്ന വിഷയത്തിലാണ് കുട്ടികള്‍ സര്‍വേ നടത്തിയത്. പൊലീസ് പിടികൂടുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാകാന്‍ വൈകുന്നതും, ലേല നടപടികള്‍ വര്‍ഷങ്ങളുടെ ഇടവേളകളില്‍ മാത്രം നടക്കുന്നതും കാരണം സ്‌റ്റേഷന്‍ വളപ്പുകള്‍ വാഹനങ്ങളുടെ ശവപ്പറമ്പുകളായി മാറുകയാണ്. മോഷണം, കള്ളക്കടത്ത്, അബ്കാരി കുറ്റകൃത്യങ്ങള്‍, അപകടങ്ങള്‍, മതിയായ രേഖകളില്ലാതെ വാഹനമോടിക്കല്‍, മണല്‍ കടത്ത് എന്നിവയാണ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുന്നതിന് ഇടയാക്കുന്നത്. നശിക്കുന്ന വാഹനങ്ങളുടെ ഇരുമ്പോ മറ്റേതെങ്കിലും ഭാഗങ്ങളോ ഒരു തരത്തിലുള്ള പുനരുപയോഗ സാധ്യത ഇല്ലാത്തതും ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും പഠനത്തിലൂടെ കുട്ടികള്‍ കണ്ടെത്തി. 2011 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ വിവിധ സ്‌റ്റേഷനുകളില്‍ പിടിയിലായ ടാറ്റ 407, മഹീന്ദ്ര മിനി ലോറി എന്നിവയുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ സര്‍വേ നടത്തിയത്.
കേരളത്തില്‍ ഒരു വര്‍ഷം കൊണ്ട് പുനരുപയോഗ സാധ്യതയില്ലാത്ത വിധം 1808.1 ടണ്‍ ഇരുമ്പ് സമ്പത്താണ് നശിക്കുന്നതെന്ന് പഠനത്തിലൂടെ ഇവര്‍ കണ്ടെത്തി. പൊളിച്ച് വില്‍ക്കുന്ന വാഹനങ്ങളുടെ ഇരുമ്പ് ഭാഗങ്ങള്‍ക്ക് ഇന്നത്തെ കമ്പോള വില കി.ഗ്രാമിന് 19 രൂപയാണ്. ഇതുപ്രകാരം 3,43,53,900 രൂപയുടെ ഇരുമ്പ് പ്രതി വര്‍ഷം സര്‍വേക്കെടുത്ത കാറ്റഗറിയിലുള്ള വാഹനങ്ങള്‍ കൊണ്ടു മാത്രം നശിക്കുന്നു. അധ്യാപകനായ കെ.സി. സതീശന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ ഗവേഷണം നടത്തിയത്.
പരിചയ സമ്പന്നരായ െ്രെഡവര്‍മാര്‍, മെക്കാനിക്കുകള്‍, വാഹന ബോഡി നിര്‍മ്മാതാക്കള്‍, സര്‍വീസ് എഞ്ചിനിയര്‍മാര്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, കെമിസ്റ്റ് എന്നിവരുമായി നേരിട്ട് നടത്തിയ അഭിമുഖത്തിലൂടെയാണ് പ്രൊജക്ടിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എന്നിവര്‍ക്കും പ്രൊജക്ട് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ വിദ്യാര്‍ഥികള്‍ക്കു പുറമേ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, പെരിങ്ങോം വയക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രകാശ്, മുഖ്യാധ്യാപിക സവിത, അധ്യാപകരായ കെ.സി. സതീശന്‍, പ്രസന്നകുമാര്‍, സ്റ്റാഫ് സെക്രട്ടറി വേണുഗോപാല്‍, പിടിഎ പ്രസിഡന്റ് കെ.പി. ദിനേഷ് പങ്കെടുത്തു.

chandrika: