മലപ്പുറം: പുതിയ അദ്ധ്യയന വർഷം തൊട്ടടുത്തെത്തിയിരിക്കെ സ്കൂൾ വിപണിയിലെ വിലക്കയറ്റം പോക്കറ്റ് ചോർത്തുമോയെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. പേന മുതൽ ബാഗ് വരെ എല്ലാ വസ്തുക്കൾക്കും കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം മുതൽ വില വർദ്ധിച്ചിട്ടുണ്ട്.
വിലക്കയറ്റം പിടിച്ചുയർത്താൻ കൺസ്യൂമർ ഫെഡ്, ത്രിവേണി സ്റ്റുഡന്റ് മാർക്കറ്റുകളും വിവിധ സഹകരണ സംഘങ്ങളും രംഗത്തുണ്ട്. ബാഗ്, കുട, ഇൻസ്ട്രുമെന്റ് ബോക്സ്, നോട്ട് ബുക്കുകൾ എന്നിവ സഹകരണ സംഘങ്ങളുടെ സ്റ്റാളുകളിലുണ്ട്.
പുതിയ ട്രെൻഡുകൾ ഉൾക്കൊള്ളുന്ന ഉത്പന്നങ്ങളുടെ കുറവാണ് ന്യൂനത. കുട്ടികളുടെ റെയിൻകോട്ടിനും ആവശ്യക്കാരേറെയാണ്. പ്ലാസ്റ്റികിന് പകരം സ്റ്റീൽ കുപ്പികൾക്കും ഭക്ഷണപാത്രങ്ങൾക്കും ആണ് കൂടുതൽ ആവശ്യക്കാർ.
100 രൂപ മുതൽ വില വരുന്ന സ്റ്റീൽ കുപ്പികളും 200 രൂപ മുതൽ വില വരുന്ന ഭക്ഷണപാത്രങ്ങളും വിപണിയിലുണ്ട്. കുട്ടികളെയും രക്ഷിതാക്കളെയും ആകർഷിക്കാനായി വില കുറച്ച് മത്സരിക്കുന്ന കടകളും വിപണിയിൽ കാണാനാവും. യൂണിഫോം തുണികൾക്ക് കഴിഞ്ഞ വർഷത്തേക്കാൾ 10 മുതൽ 15 ശതമാനം വരെ വില വർദ്ധിച്ചിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.