X

വിദ്യാര്‍ഥികളുമായി പള്ളി സന്ദര്‍ശിച്ചതിന് സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍;പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

പഠന ശില്‍പ്പശാലയുടെ ഭാഗമായി വിദ്യാര്‍ത്ഥികളെ മസ്ജിദ് കാണിക്കാന്‍ കൊണ്ടുപോയതിന് ഗോവയില്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍. അധ്യാപകനെതിരെ നടപടി പിന്‍വലിക്കണമെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സൗത്ത് ഗോവയിലെ ഡബോളിമിലെ കേശവ് സ്മൃതി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശങ്കറിനെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.

സാമുദായിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിന് മുന്‍പും ക്ഷേത്രങ്ങളും ചര്‍ച്ചകളും പള്ളികളും സന്ദര്‍ശിച്ചിട്ടുണ്ടെന്നും എന്തുകൊണ്ടാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് അറിയില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളെ പള്ളിയിലേക്ക് കൊണ്ടുപോയി ഹിജാബ് ധരിക്കാനും മതപരമായ ചടങ്ങുകള്‍ നടത്താന്‍ നിര്‍ബന്ധിച്ചുവെന്ന് വിഎച്ച്പിയുടെ ആരോപണത്തെ തുടര്‍ന്നാണ് നടപടി.

എന്നാല്‍ ആരെയും ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ലെന്നും സ്വയം ഇഷ്ടപ്രകാരമാണ് തല മറച്ചതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ വിദ്യാര്‍ത്ഥികള്‍ പ്രകടനം സംഘടിപ്പിച്ചു.

webdesk11: