X

സ്‌കൂള്‍ തുറക്കല്‍;യാത്രാപ്രശ്‌നം വെല്ലുവിളിയാകും

കോഴിക്കോട്: സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നത്തെ കുറിച്ച് രക്ഷിതാക്കളില്‍ ആശങ്ക. ഗ്രാമ പ്രദേശങ്ങളില്‍ പൊതുയാത്രാ സംവിധാനം മുമ്പത്തേക്ക് പോലെ പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളും സ്വന്തമായി ആവശ്യത്തിന് വാഹനങ്ങള്‍ ഉള്ള എയിഡഡ് സ്‌കൂളുകളും പ്രതിസന്ധിയെ ഒരളവു വരെ മറികടക്കാമെങ്കിലും സര്‍ക്കാര്‍ സ്‌കൂളുകളും വാഹനങ്ങള്‍ ഇല്ലാത്ത എയിഡഡ് സ്‌കൂളുകളും വിദ്യാര്‍ഥികളെ എത്തിക്കാന്‍ പാടുപെടും. കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കേണ്ട ചുമതല രക്ഷിതാക്കള്‍ക്കാണ്.

ഇന്നത്തെ സാഹചര്യത്തില്‍ വലിയ തുക വിദ്യാര്‍ഥികളെ സ്‌കൂളിലയക്കാന്‍ ചെലവാക്കേണ്ടി വരും. സ്വകാര്യ ബസുകളിലാണ് നല്ലൊരു ശതമാനം വിദ്യാര്‍ഥികളും സ്‌കൂളുകളിലെത്താറുള്ളത്. കോവിഡിന് മുമ്പെത്തേത് പോലെ സ്വകാര്യ ബസുകള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നില്ല. വിദ്യാര്‍ത്ഥികളെ കയറ്റുന്നതിന് സ്വകാര്യ ബസുകള്‍ക്ക് വലിയ താത്പര്യവും ഉണ്ടാവാറില്ല. സ്വന്തമായി ബസുകള്‍ ഉള്ള സ്ഥാപനങ്ങള്‍ക്കും കുട്ടികളെ എത്തിക്കുക പ്രയാസകരം തന്നെയായിരിക്കും. സ്‌കൂള്‍ ബസ്സില്‍ ഒരു സീറ്റില്‍ ഒരു വിദ്യാര്‍ഥി എന്നതാണ് സര്‍ക്കാറിന്റെ നിര്‍ദേശം. കൂടുതല്‍ വാഹനങ്ങള്‍ ക്രമീകരിച്ചാലേ വിദ്യാര്‍ഥികളെ എത്തിക്കാന്‍ കഴിയൂ. ഓട്ടോറിക്ഷകളില്‍ രണ്ടു വിദ്യാര്‍ഥികളെ മാത്രമേ കയറ്റാന്‍ പാടുള്ളു. ഇത്തരം നിബന്ധനകള്‍ വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ എത്തിക്കുന്നത് രക്ഷിതാക്കള്‍ക്കു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. കുറച്ചു കുട്ടികളെ മാത്രമെ കൊണ്ടു വരാന്‍ കഴിയൂ എന്നതിനാല്‍ സ്‌കൂള്‍ ബസുകള്‍ പല തവണ സര്‍വീസ് നടത്തേണ്ടിയും വരും.

താമസ സ്ഥലത്തു നിന്നും അകലെയുള്ള വിദ്യാലയങ്ങളില്‍ പഠിക്കുന്നവര്‍ക്കാണ് വലിയ പ്രയാസം നേരിടേണ്ടി വരിക. ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ യാത്ര പ്രശ്‌നം കാരണം വല്ലാതെ ബുദ്ധിമുട്ടും. മലബാര്‍ ജില്ലകളിലെ വിദ്യാര്‍ഥികളില്‍ പലര്‍ക്കും കിലോ മീറ്ററുകള്‍ അകലെയുള്ള വിദ്യാലയങ്ങളിലാണ് ഇത്തവണ പ്ലസ്്‌വണിന് അഡ്്മിഷന്‍ ലഭിച്ചിരിക്കുന്നത്. കുട്ടികളെ എങ്ങിനെ വിദ്യാലയങ്ങളിലേക്ക് പറഞ്ഞയക്കുമെന്ന് വലിയ ആശങ്കയാണ് രക്ഷിതാക്കള്‍ക്കുള്ളത്. കെ.എസ്.ആര്‍.ടി.സി ഗ്രാമീണ സര്‍വീസുകള്‍ പേരിന് മാത്രമെ നടത്തുന്നുളളൂ. ഓടുന്നുണ്ടെങ്കില്‍ തന്നെ കെ.എസ്.ആര്‍.ടി.സിയെ യാത്രക്കായി ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളും കുറവാണ്. ഡീസല്‍ വില വര്‍ധനവ് കാരണം കടുത്ത പ്രതിസന്ധിയിലാണെന്ന് സ്വകാര്യ ബസ് ഓപറേറ്റര്‍മാര്‍ പറയുന്നു. പല ബസുകളും കട്ടപ്പുറത്തായിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ പൊതുഗതാഗത സൗകര്യം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.

 

Test User: