ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം മാറ്റി തമിഴ്‌നാട് സര്‍ക്കാര്‍. സ്‌കൂളുകള്‍ അടഞ്ഞുതന്നെ കിടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഒന്‍പതു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഈ മാസം 16ന് തുറക്കാനായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ രക്ഷിതാക്കളില്‍നിന്ന് അഭിപ്രായം ആരാഞ്ഞിരുന്നു.
നവംബര്‍ 16ന് കോളജുകള്‍ തുറക്കാനുള്ള തീരുമാനവും മാറ്റിയിട്ടുണ്ട്. ഡിസംബര്‍ രണ്ടിന് റിസര്‍ച്ച് സ്‌കോളര്‍മാര്‍ക്കും സയന്‍സ്, ടെക്‌നോളജി വിഷയങ്ങളിലെ അവസാന വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും മാത്രമായി കോളജുകള്‍ തുറക്കുമെന്ന് പുതിയ അറിയിപ്പില്‍ പറയുന്നു. മറ്റു കോഴ്‌സുകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.
രക്ഷിതാക്കളുമായുള്ള കൂടിയാലോചനയില്‍ വിരുദ്ധ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നതെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ മറുപക്ഷം ശക്തമായി എതിര്‍ത്തു. ഈ സാഹചര്യത്തില്‍ നേരത്തെയെടുത്ത തീരുമാനം പുനരാലോചനയ്ക്കു വിധേയമാക്കിയതായി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.