ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവനന്തപുരം;നീണ്ട ഇടവേളക്ക് ശേഷം സംസ്ഥനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലാകുമ്പോഴും വിദ്യാലയങ്ങളില്‍ ലൈബ്രറേറിയന്‍ തസ്തികയില്‍ നിയമനം നടത്താതെ സര്‍ക്കാരിന്റെ ഒളിച്ചുകളി. അടഞ്ഞുകിടക്കുന്ന ലൈബ്രറികളാണ് അധികവും. ചിലയിടങ്ങളില്‍ ഏതെങ്കിലും ഒരധ്യാപകന് ലൈബ്രററിയുടെ ചുമതല നല്‍കി പേരിനു മാത്രം പ്രവര്‍ത്തിപ്പിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 3000ലേറെ ഉദ്യോഗാര്‍ത്ഥികളാണ് ലൈബ്രറേറിയന്‍ കോഴ്‌സ് പഠിച്ചിറങ്ങി ജോലി കാത്തിരിക്കുന്നത്. കേരള, കാലിക്കറ്റ് ഉള്‍പെടെ സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികള്‍ ലൈബ്രറി സയന്‍സ് കോഴ്‌സ് നടത്തുകയും കൃത്യമായി പരീക്ഷ നടത്തി ഉദ്യോഗാര്‍ത്ഥികളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ലൈബ്രറി കൗണ്‍സിലും ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നുണ്ട്. എന്നാല്‍ സ്‌കൂളുകളില്‍ ഇവരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.
കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കുളുകളില്‍ കലാ അധ്യാപകര്‍, കായിക അധ്യാപകര്‍, ചിത്രരചന അധ്യാപകര്‍, തുന്നല്‍ അധ്യാപകര്‍ തുടങ്ങിയ സ്‌പെഷ്യല്‍ ടീച്ചേഴ്‌സിനെ നിയമിക്കുമ്പോഴാണ് കുട്ടികളുടെ പഠനകാര്യത്തിനും സ്വഭാവ രൂപീകരണത്തിനും അത്യന്താപേക്ഷിതമായ ലൈബ്രറിയുടെ പ്രവര്‍ത്തനത്തെ സര്‍ക്കാര്‍ അവഗണിക്കുന്നത്.വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റുകളുടെ കമന്റ് ബോക്‌സില്‍ ഈ വിഷയം ഉന്നയിച്ച ഉദ്യോഗാര്‍ത്ഥികളെ കമന്റ് ഡിലീറ്റ് ആക്കി. ബ്ലോക്ക് ചെയ്തു. നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും ലൈബ്രറേറിയന്‍ തസ്തികയിലേക്കു മാത്രം നിയമനം നടത്തില്ലെന്ന വാശിയിലാണ് സര്‍ക്കാര്‍.
കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ എത്ര സ്‌കൂളുകളില്‍ കാര്യക്ഷമായി പ്രവര്‍ത്തിക്കുന്ന ലൈബ്രറികളുണ്ട്? ലൈബ്രറികളുടെ പ്രവര്‍ത്തനത്തിന് ലൈബ്രേറിയന്‍ എന്ന തസ്തികയില്‍ ജീവനക്കാരുണ്ടോ? എന്നീ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ല.
കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ ഭൂരിപക്ഷത്തിലും കാര്യക്ഷമമായി തുറന്നു പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍ ഇല്ല എന്നതാണ് വാസ്തവം. കുട്ടികള്‍ക്ക് പഠിച്ച് വളരുന്ന പ്രായത്തില്‍ സ്‌കൂളുകളിലെ ലൈബ്രറിയുടെ സേവനം കാര്യക്ഷമല്ല. സ്‌കൂളിലെ ഒരു അധ്യാപകന് ലൈബ്രറിയുടെ ചുമതല നല്‍കി എന്നതൊഴിച്ചാല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം കുട്ടികളിലേക്ക് എത്തുന്നില്ല. എല്‍.പി., യു.പി , ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി തലങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വായനയെ പ്രോല്‍സാഹിപ്പിക്കാന്‍ ലൈബ്രറികളും ലൈബ്രേറിയനും ആവശ്യമാണ്. ഹയര്‍ സെക്കന്ററി പഠനത്തിന് ശേഷം ഉപരിപഠന മേഖലകളിലെല്ലാം ആധുനിക സംവിധാനങ്ങളുള്ള ലൈബ്രറികളും ലൈബ്രറി ജീവനക്കാരുമുണ്ട്. എന്നാല്‍ കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ മാത്രമാണ് ലൈബ്രേറിയന്‍ നിയമനം സര്‍ക്കാരുകള്‍ നടത്താത്തത്.
നിയമസഭയില്‍ ഈ വിഷയത്തില്‍ ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം എന്നീ എം.എല്‍.എമാര്‍ നല്‍കിയ ചോദ്യത്തിനും വിദ്യാഭ്യാസമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. വിദ്യാര്‍ത്ഥികളുടെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കാന്‍ ലൈബ്രറികള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യവുമായി വീണ്ടും സര്‍ക്കാരിനെ സമീപിക്കുമെന്ന് എം.എല്‍.എമാര്‍ പറഞ്ഞു. കേരളത്തില്‍ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനത്തിന് ലക്ഷങ്ങള്‍ ചില വഴിക്കുന്ന സര്‍ക്കാര്‍ , സ്‌കൂള്‍ കുട്ടികളുടെ വായനാ ശീലം വളര്‍ത്താന്‍ സ്‌കൂള്‍ ലൈബ്രറിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പറയുന്നില്ല. വായന ഇല്ലാത്ത തലമുറയെ വാര്‍ത്തെടുക്കുന്ന നടപടിയുമായി സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും മുന്നോട്ടുപോകുന്നത്. കുട്ടികളുടെ ആരോഗ്യകരമായ ഉന്നതിയാണ് സക്കാര്‍ ലക്ഷ്യമെങ്കില്‍ ലൈബ്രറിയും അനുബന്ധ സൗകര്യങ്ങളും സ്‌കൂളുകളില്‍ അനിവാര്യമാണ്.