X

സ്‌കൂള്‍ പാചകപ്പുര നിര്‍മാണം; പ്രധാന അധ്യാപകരെ വട്ടം കറക്കുന്നു

സി.പി സലീത്ത്
ചക്കരക്കല്‍

സ്‌കൂളുകളില്‍ പാചകപ്പുര കം സ്റ്റോര്‍ നിര്‍മിക്കാനായി 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവും ചെലവഴിച്ചു കൊണ്ടുള്ള പദ്ധതിക്ക് സര്‍ക്കാര്‍ തിരിച്ചെടുത്ത തുക റീ-അലോട്ട് ചെയ്ത് നല്‍കിയെങ്കിലും നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മരാമത്ത് എഞ്ചിനിയര്‍, തുക കൈമാറേണ്ട ട്രഷറി തുടങ്ങിയവര്‍ക്ക് വ്യക്തമായ നിര്‍ദേശം ലഭിക്കാത്തതിനാല്‍ പദ്ധതി അനിശ്ചിതത്വത്തിലായി. സ്‌കൂളുകള്‍ക്ക് നല്‍കിയ നിര്‍ദേശത്തോടൊപ്പം ട്രഷറി, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കാത്തതാണ് കാരണം.

അനുവദിച്ച തുക സ്‌കൂള്‍ പ്രധാന അധ്യാപകര്‍ അടിയന്തരമായി മാറി സ്‌പെഷ്യല്‍ ടി.എസ്.ബി അക്കൗണ്ടുകളില്‍ നിക്ഷേപിക്കണം. ശേഷം തുക വിനിയോഗിച്ച് വാര്‍ഡ് മെമ്പര്‍, പി.ടി.എ പ്രസിഡന്റ്, പ്രധാന അധ്യാപകന്‍, ഉച്ചഭക്ഷണ കമ്മിറ്റിയിലെ രണ്ട് അധ്യാപകര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ മരാമത്ത് എഞ്ചിനീയര്‍ തുടങ്ങിയവര്‍ അംഗങ്ങളായ നിര്‍മാണ കമ്മിറ്റികള്‍ സ്‌കൂളുകളില്‍ രൂപീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കണം എന്നതായിരുന്നു നിര്‍ദ്ദേശം. ഉത്തരവ് ഇറങ്ങി ഒരു മാസമാകാറായിട്ടും ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ ട്രഷറികള്‍ക്കോ വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടില്ല. ഇത് കാരണം ട്രഷറിയില്‍ നിന്ന് തുക സംബന്ധിച്ച ഫയലുകള്‍ തീര്‍പ്പാക്കാത്ത അവസ്ഥയായി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മരാമത്ത് എഞ്ചിനീയര്‍മാര്‍ സ്‌കൂള്‍ അധികൃതര്‍ വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കുകയോ മേല്‍നോട്ടം വഹിക്കുകയോ ചെയ്യാത്ത അവസ്ഥയാണ്. കിച്ചണ്‍ കം സ്റ്റോര്‍ സംബന്ധിച്ച് ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് അവര്‍ പറയുന്നു. ആവശ്യമായ രേഖകള്‍ സഹിതം പ്ലാന്‍, എസ്റ്റിമേറ്റ് സമര്‍പ്പിച്ച് അനുമതി വാങ്ങിക്കേണ്ടതാണ്. എന്നാല്‍ മാത്രമേ നിര്‍മാണ പ്രവൃത്തികള്‍ക്ക് ശേഷം കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.

2011 സ്‌കൂളുകളിലേക്കായി 137 കോടിയോളം രൂപയാണ് അനുവദിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി നടപ്പിലാക്കാത്തതും തുക പാഴാകുന്നതും സംബന്ധിച്ച് ചന്ദ്രിക നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് സര്‍ക്കാര്‍ തിരിച്ചെടുത്ത തുക റീ അലൗട്ട് ചെയ്തു നല്‍കിയത്.

Test User: