X

വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേട്; കലോത്സവ ചരിത്രത്തിലെ ഏറ്റവും മോശം വിധി നിര്‍ണയം

ആലപ്പുഴ: കൗമാര കലകളുടെ നിറഞ്ഞാട്ടത്തിന് കിഴക്കിന്റെ വെനീസില്‍ തിരശീല വീണപ്പോള്‍ ഈ മേള ഓര്‍മിക്കപ്പെടുക കലോത്സവത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വിധിനിര്‍ണയത്തിന്റെ പേരില്‍. രചന മത്സരങ്ങളുടെ മൂല്യ നിര്‍ണയത്തിന് കോപ്പിയടി വിവാദത്തില്‍ പെട്ട ദീപാ നിശാന്ത് എത്തിയതും അതുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിഷേധവും മാപ്പിളകലകള്‍ക്ക് വിധിനിര്‍ണയിക്കാന്‍ വന്ന ആളെ പറഞ്ഞയക്കേണ്ടി വന്നതും വിധിനിര്‍ണയത്തിലെ അപാകതകള്‍ക്ക് വലിയ ഉദാഹരണങ്ങളായി. അനുഷ്ടാന കലയായ ദഫ്മുട്ടിന് സ്ത്രീയെ വിധികര്‍ത്താവായി ഇരുത്തിയതടക്കം നിരവധി പരാതികളാണ് കലോത്സവുമായി ബന്ധപ്പെടുയര്‍ന്നത്. ഹൈസ്‌കൂള്‍ വിഭാഗം കൂടിയാട്ട മത്സരത്തില്‍ പരിശീലകന്‍ തന്നെ വിധികര്‍ത്താവിന്റെ കസേരയിലിരിക്കുന്നതിനും കലോത്സവ വേദി സാക്ഷിയായി. പെണ്‍കുട്ടികളുടേതടക്കമുള്ള ശക്തമായ പ്രതിഷേധം കാരണം സംഘാടകര്‍ക്ക് മത്സരം തന്നെ മാറ്റിവെയ്‌ക്കേണ്ടി വന്നു.

കലോത്സവത്തിന്റെ ആദ്യ ദിനം തന്നെ മൂല്യനിര്‍ണയം നടത്തുന്നവരെപറ്റി പരാതിഉയരുകയും രണ്ട് പേരെ വണ്ടിക്കൂലി കൊടുത്ത് പറഞ്ഞു വിടുകയും ചെയ്തു. ചെലവ് ചുരുക്കലിന്റെ ഭാഗമായി വിധികര്‍ത്താക്കളുടെ എണ്ണവും ചുരുക്കിയതോടെ പരസ്പര ബന്ധമില്ലാത്ത ഇനങ്ങളില്‍ പോലും ഒരാള്‍ തന്നെ വിധികര്‍ത്താവായെത്തി. രാഷ്ട്രീയ പശ്ചാത്തലം പരിഗണിച്ച് കലയില്‍ വേണ്ടത്ര അവഗാഹമില്ലാത്തവരെ തട്ടിക്കൂട്ടി ജഡ്ജ്‌മെന്റിന് നിശ്ചയിക്കുകയായിരുന്നു. പ്രളയത്തിന്റെ പേരില്‍ എല്ലാ ചെലവുകളും ചുരുക്കിയ സംഘാടകര്‍ വിധികര്‍ത്താക്കളുടെ പ്രതിഫല തുകയില്‍ ഒരു മാറ്റവും വരുത്തിയതുമില്ല.

മത്സരാര്‍ത്ഥികള്‍ക്ക് മാര്‍ക്കിട്ടതില്‍ അപാകതയുണ്ടെന്നാരോപിച്ച് ഹൈസ്‌കൂള്‍ തബല സംഗീത വേദിയില്‍ ജഡ്ജിമാരെ രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് ആദ്യ ദിനത്തില്‍ ബന്ദികളാക്കിയിരുന്നു. മുഹമ്മദന്‍സ് എല്‍പി സ്‌കൂളില്‍ നടന്ന മത്സരത്തില്‍ പതിനാല് വിദ്യാര്‍ഥികളായിരുന്നു മത്സരിച്ചതെങ്കിലും രണ്ടു പേര്‍ക്ക് മാത്രമായിരുന്നു എ ഗ്രേഡ് ലഭിച്ചത്. നല്ല നിലവാരത്തില്‍ പരിപാടി അവതരിപ്പിച്ച വിദ്യാര്‍ഥികളെ ജഡ്ജിമാര്‍ ഇകഴ്ത്തുകയായിരുന്നുവെന്നാരോപിച്ച രക്ഷിതാക്കളും അധ്യാപകരും ജഡ്ജിമാരെ തടഞ്ഞു വെക്കുകയായിരുന്നു. രണ്ടാം ദിനത്തിലായിരുന്നു കൂടിയാട്ട മത്സരത്തിന് പരിശീലകനെ ജഡ്ജസായി നിശ്ചയിച്ചതിനെ തുടര്‍ന്ന് മത്സാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധമുണ്ടായത്. ആദ്യദിനത്തില്‍ തന്നെ പരിശീലന്‍ ജഡ്ജസായി വരാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് ഡി.പി.ഐക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് അങ്ങനെ സംഭവിക്കില്ലെന്ന് ഡി.പി.ഐ ഉറപ്പുകൊടുത്തിരുന്നുവെങ്കിലും അത് ലംഘിക്കപ്പെട്ടു. ആദ്യ ദിനം നടന്ന ദഫ്മുട്ട് മത്സരത്തിന് ഒരു വനിതയെ വിധികര്‍ത്താവാക്കിയതും ബഹളത്തിന് കാരണമായി. ഒപ്പന മത്സരത്തിന് വിധിനിര്‍ണയിച്ചവരെയാണ് ദഫ്മുട്ട് വേദിയിലും വിധികര്‍ത്താവായി ഇരുത്തിയത്. പരിശീലകരടക്കം ഈ നടപടിക്കെതിരെ രംഗത്ത് വന്നു.

തങ്ങള്‍ യോഗ്യരാണെന്ന് കാണിച്ച് വിധികര്‍ത്താക്കളാവാന്‍ താല്‍പര്യമുള്ളവരുടെ അപേക്ഷ സ്വീകരിക്കുകയല്ലാതെ വിദ്യാഭ്യാസ വകുപ്പ് അവരുടെ കഴിവ് വിലയിരുത്താത്തതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ഹിന്ദി മത്സരങ്ങള്‍ക്ക് വിധികര്‍ത്താവായെത്തിയ പ്രമുഖ കോളജ് അധ്യാപിക പറയുന്നു. ഹിന്ദി സാഹിത്യമത്സരങ്ങള്‍ക്ക് വിധികര്‍ത്താവായി എത്തിയ ഒരു റിട്ട.കോളജ് അധ്യാപകന്‍ പത്തു മത്സരങ്ങളിലാണ് വിധിനിര്‍ണയം നടത്തിയത്. ഇയാള്‍ക്ക് പല ഇനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. മറ്റു രണ്ടു വിധികര്‍ത്താക്കളും ഇയാളും നല്‍കിയ മാര്‍ക്കുകളില്‍ വന്‍ അന്തരവും പ്രകടമായിരുന്നു. ഇടത് അനുഭാവി എന്നതായിരുന്നു ഇയാളുടെ പ്രധാന യോഗ്യതയെന്നും ആരോപണമുണ്ട്. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ഒഴിവാക്കി ഗ്രേഡ് മാത്രം ഏര്‍പ്പെടുത്തിയതും വിധിനിര്‍ണയത്തിന്റെ കൃത്യതയെ സാരമായി ബാധിച്ചു.

chandrika: