കോഴിക്കോട് : സ്കൂൾ ഗ്രൗണ്ടുകൾ സ്കൂൾ പ്രവൃത്തി സമയത്തിന് ശേഷം കായിക ആവശ്യങ്ങൾക്കായി മറ്റുള്ളവരും ഉപയോഗിക്കുന്നത് റദ്ദാക്കിയ സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. താരങ്ങൾക്ക് പരിശീലനം നടത്താനും കായിക ക്ഷമത ഉറപ്പാക്കുന്നതിനും വേണ്ടി 2006 ൽ ഉമ്മൻ ചാണ്ടി സർക്കാറിൻ്റെ കാലത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ.ടി മുഹമ്മദ് ബഷീറാണ് സ്കൂൾ ഗ്രൗണ്ടുകൾ യുവജനങ്ങൾക്ക് കായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഉത്തരവ് ഇറക്കിയത്.
ഇത് ഉപയോഗപ്പെടുത്തി നിരവധി സ്കൂൾ കളിസ്ഥലങ്ങളിൽ പരിശീലനവും മൽസരങ്ങളും നടന്ന് വന്നിരുന്നു. ഗ്രാമങ്ങളിലുൾപ്പെടെ കായിക വികസനത്തിനാവശ്യമായ ഗ്രൗണ്ടുകൾ ഇല്ലാതായ സാഹചര്യം ഉണ്ടായപ്പോൾ പൊതുജനങ്ങൾക്ക് കളിക്കാൻ അവസരം നഷ്ടപ്പെട്ടു. പല കളിസ്ഥലങ്ങളും പാർപ്പിടങ്ങളും വാണിജ്യ കേന്ദ്രങ്ങളുമായി മാറിയ സാഹചര്യം വന്നപ്പോൾ ഉയർന്നു വന്ന ആവശ്യം പരിഗണിച്ചാണ് യു.ഡി.എഫ് സർക്കാർ സ്കൂൾ ഗ്രൗണ്ടുകൾ കായിക പ്രേമികൾക്ക് ഉപയോഗിക്കാനുള്ള ഉത്തരവ് കൊണ്ട് വന്നത്. എന്നാൽ ഇത് റദ്ദാക്കിയ ഇപ്പോഴത്തെ സർക്കാർ ഉത്തരവ് കായിക താരങ്ങളോടുള്ള വെല്ലുവിളിയാണെന്നും കായിക മേഖലയെ നിരുത്സാഹപ്പെടുത്തുന്ന ഇത്തരം നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. ഉത്തരവ് പിൻവലിച്ച് കായിക പ്രേമികളുടെ ആശങ്ക അകറ്റിയില്ലെങ്കിൽ സർക്കാറിനെതിരെയുള്ള പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.