രാജ്യത്തിന് തന്നെ മാതൃകയായി മാറിയ സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി താളം തെറ്റുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച ആവര്‍ത്തിക്കുന്നത് ഗൗരവതരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി തങ്ങള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന സ്‌കൂളുകളിലെ പ്രഥമ അധ്യാപകര്‍ക്ക് വേണ്ട സമയത്ത് പണം കിട്ടാത്തതിന്റെ പേരില്‍ കട ബാധ്യത ഉണ്ടാകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. കടബാധ്യനായ മലപ്പുറം ജില്ലയിലെ പ്രധാന അധ്യാപകനെ സഹായിക്കാന്‍ അധ്യാപിക സ്വര്‍ണ്ണമാല ഊരി നല്‍കിയ സംഭവം വേദനിപ്പിക്കുന്നതാണ്.- തങ്ങള്‍ പറഞ്ഞു.
2016ലെ വില നിലവാര സൂചിക അനുസരിച്ച് നിശ്ചയിച്ച തുകയാണ് ഉച്ചഭക്ഷണ പദ്ധതിയില്‍ ഇന്നും നിലനില്‍ക്കുന്നത്. 150 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒരു കുട്ടിക്ക് എട്ടു രൂപയും 500 കുട്ടികള്‍ക്ക് 7 രൂപയും 500ല്‍ കൂടുതലാണെങ്കില്‍ 6 രൂപയുമാണ് നിശ്ചയിച്ച വിഹിതം. ഏഴ് വര്‍ഷത്തിനുള്ളില്‍ പലകുറിയാണ് പാചക വാതകത്തിനും പലവ്യഞ്ജനത്തിനും പാലിനും പച്ചക്കറിക്കും വില കൂടിയത്. വില വര്‍ധന കണക്കിലെടുത്ത് വിഹിതം വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തരമായ ഇടപെടല്‍ അനിവാര്യമാണ്.
വിഹിതം ലഭിക്കുന്നതിലെ കാലതാമസം മൂലം അധ്യാപകര്‍ സമരം ചെയ്യുന്നതും കോടതി വരാന്ത കയറേണ്ടി വന്നതുമായ സാഹചര്യം സര്‍ക്കാരിന്റെ പരാജയമാണ്.- തങ്ങള്‍ പറഞ്ഞു. ഉച്ചഭക്ഷണ പരിധിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഒന്‍പത്, പത്ത്, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ കുട്ടികളെയും ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്നും സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടു.