കണ്ണൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. പതിനൊന്നു വയസ്സുകാരി നേത്യ ആണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ വളക്കൈ വിയറ്റ്‌നാം റോഡില്‍ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഇന്ന് വൈകുന്നേരം നാലരയോടുകൂടി കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളുമായി മടങ്ങി വരുമ്പോഴായിരുന്നു അപകടം. ഇരുപതോളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിട്ടുള്ളത്. രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥികളെ തളിപ്പറമ്പ സഹകരണാശുപത്രിയിലും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.