ഫിറ്റ്നസ് എടുക്കാതെ നിരത്തിലിറങ്ങിയ സ്കൂൾ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ചെറുവാടിയിലെ സ്കൂൾ ബസാണ് ഓമാനൂർ വെച്ച് കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പരിശോധനയ്ക്ക് ഹാജരാക്കാത്ത സ്കൂൾ ബസുകൾ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് പരിശോധനയുമായി ഉദ്യോഗസ്ഥർ നിരത്തിലിറങ്ങിയത്.
ജിപിഎസ്, സ്പീഡ് ഗവർണർ എന്നിവ വാഹനത്തിൽ ഇല്ലായിരുന്നു.
വാഹന ഉടമയായ സ്കൂൾ പ്രിൻസിപ്പലിനെതിരെ നിയമനടപടി സ്വീകരിച്ചു. എടവണ്ണപ്പാറ, കീഴ്ശേരി കൊണ്ടോട്ടി, എളമരം വാഴക്കാട് തുടങ്ങിയ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് സ്കൂൾ ബസുകളിൽ നടത്തിയ പരിശോധനയിൽ കുട്ടികളെ കുത്തിനിറച്ച ഒരു സ്കൂൾ ബസ്സിനെതിരെയും, ജിപിഎസ് ഇല്ലാത്തതും പ്രഥമ ശുശ്രൂഷ കിറ്റ് ഇല്ലാത്തതുമായ ഒമ്പത് സ്കൂൾ വാഹനങ്ങൾക്കെതിരെ കേസെടുത്തു.
കൊണ്ടോട്ടി ജോയിൻ്റ് ആർടിഒ എം അൻവറിന്റെ നിർദേശപ്രകാരം, എം വി ഐ കെ ബി ബിജീഷ്. എ എം വി ഐ മാരായ കെ ദിവിൻ കെ ആർ റഫീഖ്, ഡ്രൈവർ രമേഷൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ കുട്ടികളെ കൊണ്ടുപോകുന്ന സ്കൂൾ വാഹനങ്ങളിൽ പരിശോധന നടത്തുമെന്ന് ജോയിന്റ് ആർടിഒ എം അൻവർ പറഞ്ഞു.