കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ദാരുണമായി മരിച്ച വിദ്യാര്‍ഥിനിയുടെ സംസ്‌കാരം ഇന്ന് നടക്കും. അപകടത്തില്‍ മരിച്ച നേദ്യയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പരിക്കേറ്റ 18ഓളം വിദ്യാര്‍ഥികള്‍ നിലവില്‍ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല.
ഇന്നലെ വൈകിട്ട് നാലരയോടെയാണു നാടിനെ ഞെട്ടിച്ച അപകടം. സ്‌കൂള്‍ വിട്ട് വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിലെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ പുറത്തേക്കു തെറിച്ചുവീണ് ബസിനടിയില്‍പെട്ട കുട്ടിയാണു മരിച്ചത്. അമിത വേഗതയും ഡ്രൈവറുടെ പരിചയക്കുറവുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.അപകടം സമയത്ത് ഡ്രൈവര്‍ നിസാം മൊബൈല്‍ ഉപയോഗിച്ചതായും സൂചനയുണ്ട്.