പെരിന്തൽമണ്ണ: സ്കൂൾ വിദ്യാർഥികളുടെ വിനോദയാത്ര സംബന്ധിച്ച് സ്കൂൾ അധികൃതരും ജാഗ്രത പുലർത്തണമെന്ന് വാഹനവകുപ്പ്. ബാലവകാശക്കമ്മിഷനും മോട്ടോർ വാഹനവകുപ്പും പുറത്തിറക്കിയ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണം. യാത്രയ്ക്ക് തിരഞ്ഞെടുത്ത വാഹനത്തിന് വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച അനുമതിപത്രം ഉണ്ടെന്ന് ഉറപ്പു വരുത്തണം.
അതിതീവ്ര ലൈറ്റുകൾ, അമിത ശബ്ദ സംവിധാനങ്ങൾ, ഡ്രൈവർമാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ശ്രദ്ധ തെറ്റുന്ന രീതിയിലുള്ള വർണ ലൈറ്റുകൾ, എയർഹോണുകൾ, ഡ്രൈവറുടെയും ഡ്രൈവിങ്ങിന് ബാധിക്കുന്ന രീതിയിലുള്ളതുമായ മറ്റ് ആഭാസ പ്രകടനങ്ങൾ, കുട്ടികളുമായി രാത്രി ഡ്രൈവിങ് എന്നിവ ഇല്ലെന്ന് സ്കൂൾ അധികൃതരും ഉറപ്പുവരുത്തണം.
പരിശോധന സർട്ടിഫിക്കറ്റ് നേടിയതിനുശേഷം ടൂറിസ്റ്റ് ഓപ്പറേറ്റർമാർ അനധികൃത ലൈറ്റുകളും ശബ്ദ സംവിധാനങ്ങളും സ്ഥാപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വാഹനത്തിനെതിരേ മോട്ടോർ വാഹന നിയമപ്രകാരമുള്ള നടപടിക്കു പുറമേ സ്കൂൾ അധികൃതർക്കെതിരേ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് പ്രകാരം നടപടിക്ക് ശുപാർശചെയ്യും. കുട്ടികളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും പെരിന്തൽമണ്ണ ജോയിന്റ് ആർ.ടി.ഒ. പി.കെ. മുഹമ്മദ് ഷഫീഖ് അറിയിച്ചു.